യുവ അഭിഭാഷകന് മർദനമേറ്റ സംഭവത്തിൽ പ്രതിഷേധിച്ചു
1587904
Saturday, August 30, 2025 6:43 AM IST
കൊല്ലം: കൊല്ലം ബാറിലെ യുവ അഭിഭാഷകനായ അഡ്വ.ബി.എസ്. പ്രേംലാലിന് മർദനമേറ്റ സംഭവത്തിൽ കൊല്ലം ബാർ അസോസിയേഷന്റെ അടിയന്തിര യോഗം പ്രതിഷേധിച്ചു. കിളികൊല്ലൂർ പാർഥാസ് തീയേറ്ററിൽ സിനിമ കണ്ട് മടങ്ങവേയാണ് വാഹനത്തിൽ തട്ടിയെന്ന പേരിൽ മാരുതി കാറിൽ എത്തിയ മൂന്ന് പേർ ചേർന്ന് പ്രേംലാലിനെ മർദിച്ചത്.
ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച അഭിഭാഷകനെ കാറിൽ പിന്തുടർന്ന് മൂന്നാംകുറ്റി ജംഗ്ഷനിൽ കാർ കുറുകെ നിർത്തി തടഞ്ഞ് നിർത്തിയായിരുന്നു മർദനം. പ്രതികൾക്കെതിരെ കിളികൊല്ലൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു വാഹനം പിടിച്ചെടുത്തിട്ടുണ്ട്.
കേസിൽ വധശ്രമമുൾപ്പെടെയുള്ള കുറ്റങ്ങൾ ചേർക്കാത്ത നടപടി പോലീസിന്റെ വീഴ്ചയാണെന്ന് കൊല്ലം ബാർ അസോസിയേഷൻ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്കും, സ്റ്റേറ്റ് പോലീസ് ചീഫിനും, ജില്ലാ പോലീസ് മേധാവിക്കും ബാർ അസോസിയേഷൻ ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്.