വന്ദനാദാസ് കൊലക്കേസ് : ഡോ. ഷിബിന്‍ ആശുപത്രിയിലെ ദൃശ്യങ്ങള്‍ തിരിച്ചറിഞ്ഞു
1542065
Saturday, April 12, 2025 6:17 AM IST
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ കൊലചെയ്യപ്പെട്ട ഡോ. വന്ദനാദാസ് കേസിലെ സാക്ഷിയും വന്ദനയ്ക്കൊപ്പം ജോലി ചെയ്തിരുന്നതുമായ ഡോ. ഷിബിന്‍ മുഹമ്മദ് ഹോസ്പിറ്റലിലെ സിസി ടിവി കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ തിരിച്ചറിഞ്ഞു. സംഭവദിവസം വന്ദനയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം പ്രതി കാഷ്വാലിറ്റിക്ക് പുറത്തേക്ക് വരുന്നതും കൗണ്ടറിന്റെ മുന്‍വശത്ത് നിന്ന പോലീസുകാരന്റെ തലയില്‍ കുത്തുന്നതും ഡോ. ഷിബിന്‍ തിരിച്ചറിഞ്ഞു.
കൂടാതെ പ്രതിയുടെ ആക്രമണത്തില്‍ സാരമായി പരിക്കേറ്റ വന്ദനയെ താങ്ങി അംബുലന്‍സിലേക്ക് കൊണ്ടുപോകുന്നത് താനാണെന്നും ദൃശ്യങ്ങള്‍ കണ്ട ശേഷം ഡോക്ടര്‍ കോടതിയില്‍ മൊഴി നല്കി.
കൊല്ലം അഡീഷണല്‍ സെഷന്‍സ് ജഡ്ജി പി.എന്‍. വിനോദ് മുമ്പാകെ നടന്ന സാക്ഷി വിസ്താരത്തിലാണ് ഡോക്ടർ മൊഴി നല്‍കിയത്. കാഷ്വാലിറ്റി ഏരിയയില്‍ നില്‍ക്കുന്നവരെ തിരിച്ചറിയുന്നുണ്ടോ എന്ന പ്രോസിക്യൂട്ടറുടെ ചോദ്യത്തിന് പ്രതിയുടെ കൂടെയുണ്ടായിരുന്നത് പോലീസ് ഉദ്യോഗസ്ഥനും ബന്ധുവായ രാജേന്ദ്രനുമാണെന്ന് ഡോക്ടര്‍ മറുപടി നല്കി.
കേസില്‍ ഡോ. ഷിബിന്‍ മുഹമ്മദിനെ നേരത്തെ വിസ്തരിച്ചിരുന്നു. വിസ്താര സമയം പ്രതി സന്ദീപിനെ തിരിച്ചറിയുകയും ഒരടി വലിപ്പമുള്ള കത്തി ഉപയോഗിച്ചാണ് ഡോ. വന്ദനയെ കുത്തിയതെന്ന് മൊഴി നല്‍കുകയും ചെയ്തിരുന്നു.
ഡോ. ഷിബിന്റെ ക്രോസ് വിസ്താരം 16ന് നടക്കും. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ പ്രതാപ് ജി. പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവന്, ഹരീഷ് കാട്ടൂര്‍ എന്നിവരാണ് ഹാജരാകുന്നത്.