സ്നേഹ സ്പർശം പദ്ധതി ശ്ലാഘനീയം: എം. നൗഷാദ്
1496874
Monday, January 20, 2025 6:33 AM IST
കൊല്ലം: ഒരു സംഘടനയിലെ അംഗങ്ങൾ ഒന്നു ചേർന്ന് പരസ്പരം നൽകാൻ കഴിയുന്ന ഏറ്റവും വലിയ കരുതലിന്റെ അടയാളമാണ് സ്നേഹ സ്പർശം വ്യാപാരി കുടുംബ സുരക്ഷാ പദ്ധതിയെന്ന് എം. നൗഷാദ് എംഎൽഎ.
കൊല്ലം പള്ളിമുക്കിൽ സ്നേഹ സ്പർശം പദ്ധതിയുടെ പതിനൊന്നാം ഘട്ട കുടുംബ സഹായ വിതരണ സമ്മേളന ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വ്യാപാരവുമായി ബന്ധപ്പെട്ട വിഷയങ്ങൾ മാത്രമല്ല വ്യാപാരികളുടെ കുടുംബങ്ങളുടെ ദുഃഖത്തിന്റെനാളുകളിൽ ആ കുടുംബങ്ങളെ ചേർത്തുനിർത്തുന്ന സ്നേഹ സ്പർശം പദ്ധതി മറ്റ് പല സംഘടനകൾക്കും മാതൃകയാകും വിധമുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു.
മരണപ്പെട്ട അഞ്ച് വ്യാപാരികളുടെ കുടുംബങ്ങൾക്കുള്ള കുടുംബ സഹായ വിതരണം കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ് നിർവഹിച്ചു.
ഇരവിപുരം നിയോജക മണ്ഡലം പ്രസിഡന്റും ജില്ലാ സെക്രട്ടറിയുമായ എ. അൻസാരി അധ്യക്ഷത വഹിച്ചു. ഏകോപന സമിതി കൊല്ലം ജില്ലാ പ്രസിഡന്റും സംസ്ഥാന ട്രഷററുമായ എസ്. ദേവരാജൻ, ഹഫീസ് മുജീബ് റഹുമാൻ ഫൈസാനി,
കൗൺസിലർമാരായ എം. സജീവ്, എ. ഹംസത്ത് ബീവി, ജില്ലാ ജനറൽ സെക്രട്ടറി ജോജോ കെ.ഏബ്രഹാം, എസ്. കബീർ, ബി. രാജീവ്, നേതാജി ബി. രാജേന്ദ്രൻ, എൻ. രാജീവ്, ആർ. വിജയൻപിള്ള, എ.കെ. ഷാജഹാൻ, എ. നവാസ് പുത്തൻവീട്, എ.കെ. ജോഹർ, ജി. രാജൻകുറുപ്പ്, ജി.പി. നായർ, എസ്. പളനി എന്നിവർ പ്രസംഗിച്ചു.