സിപിഎം സമ്മേളനത്തിന് വിളംബരമായി വാക്കത്തോണും കായികോത്സവവും
1496873
Monday, January 20, 2025 6:33 AM IST
കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിനു വേദിയൊരുക്കുന്ന കൊല്ലം ട്രാക്കിലേക്ക് ഒളിമ്പ്യൻമാരും അന്തർദേശീയ കായിക താരങ്ങളും ബഹുജനങ്ങളും അണിനിരക്കുന്ന വാക്കത്തോൺ 21 ന് വൈകുന്നേരം നാലിന് നടക്കും.
കൊല്ലം ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ മന്ത്രി വി. അബ്ദുറഹ്മാൻ ഫ്ലാഗ് ഓഫ് ചെയ്യും. ചിന്നക്കട ബസ് ബേയിൽ സമാപിക്കും.ഒളിമ്പ്യൻ സുരേഷ് ബാബുവിന്റെ കുടുംബം, ഒളിമ്പ്യൻമാരായ മുഹമ്മദ് അനസ്, അനിൽകുമാർ, ബോക്സിംഗ് മുൻ ലോകചാമ്പ്യൻ കെ.സി. ലേഖ, ബോക്സിംഗ് പരിശീലകൻ ഡി. ചന്ദ്രലാൽ,
ഏഷ്യാഡ് കെ. രഘുനാഥൻ, മാസ്റ്റേഴ്സ് മിസ്റ്റർ വേൾഡ് സുരേഷ്കുമാർ, കേരളം 1973 ൽ ആദ്യമായി സന്തോഷ് ട്രോഫി നേടിയപ്പോൾ ഗോൾവല കാത്ത ഗോളി രവി, ഫുട്ബോൾ താരങ്ങളായ കുരികേശ് മാത്യു, നജുമുദ്ദീൻ, മോഹനൻ, ഹരികൃഷ്ണൻ, മുൻ ഇന്ത്യൻതാരം അജയൻ, നീന്തൽതാരം ബാലാജി, റോളർ സ്കൂട്ടർ സ്കേറ്റിംഗ് ദേശീയ മത്സരത്തിൽ സിൽവർ മെഡൽ നേടിയ അദ്വൈത് രാജ്, ജെഗ്ളർ സിദ്ധാർഥ്, ബോക്സിംഗ് സ്വർണം നേടിയ മിലാനോ, അൽഫോൺസ, പവന, വെള്ളി മെഡൽ ജേതാക്കളായ അനുഷ്മി, ഭദ്ര, ആതിര, ഹാൻസിയ, അത്ലറ്റിക്സ് സ്വർണം നേടിയ സ്റ്റെമി, മറിയ, ബിജ (100, 200 മീറ്റർ), ശ്രീഷ്ന.(800 മീറ്റർ),
സൂര്യ (വോളിബോൾ നാഷണൽ ക്യാപ്റ്റൻ), റോൾബോൾ സ്വർണം നേടിയ ആൻ മറിയം നെറ്റോ എന്നിവർ വാക്കത്തോണിൽ പങ്കെടുക്കും. ഇവരെ സിപിഎം കേന്ദ്രകമ്മിറ്റി അംഗം മന്ത്രി കെ.എൻ. ബാലഗോപാൽ ആദരിക്കുമെന്ന് സ്വാഗത സംഘം ജനറൽ കൺവീനർ എസ്. സുദേവൻ അറിയിച്ചു.സമ്മേളനത്തിനു മുന്നോടിയായി സംഘടിപ്പിക്കുന്ന കായികോത്സവം തുടർന്നുള്ള ദിവസങ്ങളിൽ നടക്കും.
ഫുട്ബോൾ, വോളിബോൾ, ക്രിക്കറ്റ്, കബഡി, ഷട്ടിൽ ബാഡ്മിന്റൺ, ബോൾ ബാഡ്മിന്റൺ, ചെസ്, കിളിത്തട്ടുകളി, ബോക്സിംഗ്, ബീച്ച് വോളി, വടംവലി, കനോയിംഗ് - കയാക്കിംഗ്, അത്ലറ്റിക്സ്, കളരിപ്പയറ്റ്,ക്വിസ് എന്നിവയാണ് മത്സരയിനങ്ങൾ.