ജോലി ചെയ്തിട്ടും വേതനമില്ല; സ്കൂള്‍ പാചക തൊഴിലാളികള്‍ പട്ടിണിയില്‍
1496524
Sunday, January 19, 2025 6:32 AM IST
കൊല്ലം: കേരളത്തിലെ സ്കൂളുകളില്‍ ജോലി ചെയ്യുന്ന പാചക തൊഴിലാളികള്‍ക്ക് കഴിഞ്ഞ മൂന്ന് മാസമായി വേതനം ലഭിക്കുന്നില്ല. കുടുംബത്തിന്റെ പട്ടിണി മാറ്റാന്‍ വേണ്ടിയാണ് അമിത ജോലി ഭാരം ഉണ്ടായിട്ടും പാചക തൊഴിലില്‍ ഏര്‍പ്പെടുന്നത്.
ഒരു തൊഴിലാളിയെ കൊണ്ട് 500 കുട്ടികള്‍ക്ക് ഉച്ച ഭക്ഷണം തയാറാക്കണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ അശാസ്ത്രീയമായ തീരുമാനം പുന:പരിശോധിക്കുവാനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്നും, ദിവസവേതനം 1000 രൂപയായി ഉയര്‍ത്തണമെന്നും, എല്ലാ മാസവും 10 ന് മുമ്പ് വേതനം നല്‍കണമെന്നും സ്കൂള്‍ പാചക തൊഴിലാളി കോണ്‍ഗ്രസ് -ഐഎന്‍ടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി എ. ഹബീബ് സേട്ട് ആവശ്യപ്പെട്ടു.
പ്രായാധികം കൊണ്ട് പിരിയേണ്ടി വരുന്ന തൊഴിലാളികള്‍ക്ക് വിരമിക്കല്‍ ആനുകൂല്യം നല്‍കണമെന്നും, കുടിശിക വേതനം വിതരണം ചെയ്യണമെന്നും, ഈ വിഷയത്തില്‍ അടിയന്തര നടപടി ഉണ്ടായില്ലെങ്കില്‍ ഫെബ്രുവരി എട്ടിന് കൊല്ലത്ത് ചേരുന്ന സംഘടനയുടെ യോഗത്തില്‍ പണിമുടക്ക് ഉള്‍പ്പെടെയുള്ള സമര പരിപാടികളെക്കുറിച്ചു തീരുമാനിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.