ഭിന്നശേഷി കുട്ടികൾക്കായി ചവറ ബ്ലോക്ക് പഞ്ചായത്തിന്റെ സാന്ത്വന സാരഥി പദ്ധതി
1496530
Sunday, January 19, 2025 6:32 AM IST
ചവറ: ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് തെറാപ്പി സേവനങ്ങൾ വീട്ടിലെത്തി നൽകാൻ ലക്ഷ്യമിടുന്ന ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയായ " സാന്ത്വന സാരഥി"യുടെ ഉദ്ഘാടനം സുജിത് വിജയൻ പിള്ള എംഎൽഎ നിർവഹിച്ചു.
ചവറ ബിആർസിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. തെറാപ്പിസ്റ്റ് ഉൾപ്പെടുന്ന സംഘം കുട്ടികളുടെ വീട്ടിലെത്തിയാണ് തെറാപ്പി സേവനങ്ങൾ സൗജന്യമായി നൽകുന്നത്.
തെറാപ്പി സേവനങ്ങൾക്കായി ബിആർസിയിലേക്ക് കുട്ടികളെ എത്തിക്കാനും മടക്കി കൊണ്ടുപോകാനുംവാഹനം ഏർപ്പെടുത്താൻ രക്ഷിതാക്കൾ സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിലാണ് ബ്ലോക്ക് പഞ്ചായത്ത് ബിആർസിയുമായി ചേർന്ന് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. സൗജന്യമായി നടപ്പിലാക്കുന്ന പദ്ധതി രക്ഷിതാക്കൾക്ക് വലിയ ആശ്വാസമാകും.
ചവറ ബ്ലോക്ക് പരിധിയിലെ നൂറോളം കുട്ടികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭ്യമാകും.
ഉദ്ഘാടന സമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്സന്തോഷ് തുപ്പാശേരി അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം സി.പി. സുധീഷ് കുമാർ, പന്മന പഞ്ചായത്ത് പ്രസിഡന്റ് ഐ. ജയചിത്ര, ചവറ പഞ്ചായത്ത് പ്രസിഡന്റ് ജെ.ആർ. സുരേഷ് കുമാർ, ബ്ലോക്ക് വൈസ് പ്രസിഡന്റ് സോഫിയ സലാം, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എം. പ്രസന്നൻ ഉണ്ണിത്താൻ, നിഷാ സുനീഷ്, ജോസ് വിമൽരാജ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി. രതീഷ്, സജി അനിൽ, ജോയി ആന്റണി, പ്രിയ ഷിനു, ആർ. ജിജി, വിദ്യാ കിരണം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ കിഷോർ. കെ. കൊച്ചയ്യം, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പ്രേം ശങ്കർ എന്നിവർ പ്രസംഗിച്ചു.