ജനകീയ ആസൂത്രണം പഞ്ചായത്ത് രാജ് നിയമത്തെ ശക്തമാക്കി: ഡോ. പി.കെ. ഗോപൻ
1496518
Sunday, January 19, 2025 6:24 AM IST
കൊട്ടാരക്കര: ജനകീയാസൂത്രണം പഞ്ചായത്ത് രാജ് നിയമത്തെ ശക്തിപ്പെടുത്തിയതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി. കെ. ഗോപൻ. ധന്യ ഓഡിറ്റോറിയത്തിൽ കൊട്ടാരക്കര നഗരസഭ വികസന സെമിനാർ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ദാരിദ്ര്യ നിർമാർജനം, സമഗ്ര ശുചിത്വം, തൊഴിൽ സംരംഭങ്ങൾ സ്ഥാപിക്കൽ, സ്ത്രീകളുടെയും പിന്നാക്ക ജനവിഭാഗങ്ങളുടെയും ക്ഷേമം, സമ്പൂർണ പാർപ്പിട പദ്ധതി, കൃഷി എന്നിവയ്ക്ക് മുൻഗണന നൽകുന്ന പദ്ധതികളാണ് വികസന രേഖയിൽ വിഭാവന ചെയ്യുന്നത്.
ലോകത്തിലെ വൻകിട രാജ്യങ്ങൾക്ക് തുല്യമായി കേരളമെന്ന ചെറിയ സംസ്ഥാനം എത്തിയത് പ്രവർത്തന നേട്ടമാണ്. അധികാരവും സമ്പത്തും പ്രാദേശിക സർക്കാരുകൾക്ക് ലഭിക്കുന്നത് വഴി, സമഗ്ര മേഖലയിലും വികസനം എത്തിക്കാൻ കഴിയുന്നു. ആരോഗ്യം, വിദ്യാഭ്യാസം, ശുചിത്വം എന്നീ രംഗങ്ങളിൽ കേരളം ഇന്ത്യക്ക് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.നഗരസഭ ചെയർമാൻ എസ്.ആർ. രമേശ് അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ വനജാ രാജീവ് ആമുഖ പ്രഭാഷണം നടത്തി. ഫൈസൽ ബഷീർ കരട് പദ്ധതി രേഖ അവതരിപ്പിച്ചു.
സ്ഥിരം സമിതി അംഗങ്ങളായ അഡ്വ. ഉണ്ണികൃഷ്ണമേനോൻ, ജേക്കബ് വർഗീസ് വടക്കടത്ത്, മിനി കുമാരി, സുഷമ, വി. ഫിലിപ്പ്, ബിജി ഷാജി, ലീന ഉമ്മൻ, സണ്ണി ജോർജ്, അനിത ഗോപകുമാർ, സുഭദ്രാ ഭായി, കണ്ണാട്ട് രവി, ഗിരീഷ്, ബിനി, ശ്രീരാജ്, കോ ഓർഡിനേറ്റർ ബി.എസ്. ഗോപകുമാർ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ശശിധരൻപിള്ള, നഗരസഭാ സെക്രട്ടറി മണികണ്ഠൻ എന്നിവർ പ്രസംഗിച്ചു. വർക്കിംഗ് ഗ്രൂപ്പ് ചർച്ചയും പദ്ധതി അവതരണവും നടന്നു.