കുറഞ്ഞ ചെലവിൽ ഇൻക്യുബേറ്റർ നിർമിച്ച് വിദ്യാർഥികൾ
1496522
Sunday, January 19, 2025 6:32 AM IST
കൊട്ടിയം: സാധാരണക്കാരും പാവപ്പെട്ടവരുമായ കുട്ടികൾക്ക് പഠനത്തിനുള്ള പണം കണ്ടെത്താനായി കുറഞ്ഞ ചെലവിൽ മുട്ട വിരിയിച്ചെടുക്കുന്ന ഇൻകുബേറ്റർ നിർമിച്ച് വിദ്യാർഥികൾ.
കൊട്ടിയം നിത്യസഹായ മാതാ ഗേൾസ് ഹൈസ്കൂളിലെ പത്താം ക്ലാസിൽ പഠിക്കുന്ന അഞ്ചു കുട്ടികളും എട്ടാം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിയും ചേർന്നാണ് ഇൻകുബേറ്റർ വികസിപ്പിച്ചെടുത്തത്. കുറഞ്ഞനാളുകൾ കൊണ്ട് കണ്ടുപിടിത്തത്തിന് പ്രചാരം ലഭിക്കുകയും ചെയ്തു.
വിദേശരാജ്യങ്ങളിൽ പഠനത്തോടൊപ്പം കുട്ടികൾ വരുമാനവും കണ്ടെത്തുന്നുണ്ട്. ഇത് നമ്മുടെ നാട്ടിലും എങ്ങനെ പ്രാബല്യത്തിൽ വരുത്താമെന്നുള്ള കുട്ടികളുടെ ഗവേഷണത്തിലാണ് രണ്ടു തരത്തിലുള്ള ഇൻകുബേറ്റർ വികസിപ്പിച്ചെടുത്തത്. ഡിജിറ്റൽ ഇൻകുബേറ്ററും സെമി ഓട്ടോ ഇൻകുബേറ്ററുമാണ് ഇവർ നിർമിച്ചത്.
വടക്കേവിള കോളജ് ഓഫ് എൻജിനീയറിംഗ് ആന്ഡ് ടെക്നോളജിയിൽ സ്കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ച ശാസ്ത്ര സാങ്കേതിക പ്രോജക്ടുകളുടെ പ്രദർശനത്തിൽ ഇവരുടെ ഇൻകുബേറ്ററിന് ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം ലഭിച്ചിരുന്നു.
പഠനത്തിനും ജീവിത ചെലവിനും പണം കണ്ടെത്താൻ കഴിയാതെ വലയുന്ന സ്കൂളിലെ കുട്ടികളെ കണ്ടെത്തി പൗൾട്രി ക്ലബ് ഉണ്ടാക്കുകയാണ് ആദ്യം ചെയ്തത്. തുടർന്ന് രക്ഷകർത്താക്കൾക്ക് ഇൻകുബേറ്റർ നൽകുകയും അതിലൂടെ വരുമാനം ഉണ്ടാക്കി കുട്ടികളുടെ പഠന ചെലവിനായി പണം കണ്ടെത്തുകയുമാണ് ചെയ്യുന്നത്. വളരെ കുറഞ്ഞ ചെലവിൽ ഈ ഇൻകുബേറ്റർ നിർമിക്കാൻ കഴിയുമെന്ന് വിദ്യാർഥിനികൾ പറയുന്നു.
പഞ്ചായത്തുകൾ, കുടുംബശ്രീ എന്നിവർ മുന്നോട്ടു വന്നാൽ കുറഞ്ഞ ചെലവിൽ ഇൻകുബേറ്റർ നിർമിച്ചു നൽകാമെന്ന് ഇവർ ഉറപ്പു നല്കുന്നു. പത്താം ക്ലാസ് വിദ്യാർഥിനി റാണി ഗോഡ് വിൻ, സഹോദരി എട്ടാം ക്ലാസ് വിദ്യാർഥിനി റിമി ഗോഡ്വിൻ, പത്താം ക്ലാസ് വിദ്യാർഥിനികളായ ആലിയ, അൽഫോൻസാ ജിജി, സുൽത്താന, സഹദിയ എന്നിവർ ചേർന്നാണ് ഇൻകുബേറ്റർ നിർമിച്ചത്. എൻഎസ്എം. ജി എച്ച്എസിലെ ശാസ്ത്ര അധ്യാപകനും ശാസ്ത്രകാരനുമായ ജിഫ്രിന്റ് എന്നിവരുടെ മേൽനോട്ടത്തിലാണ് കുട്ടികൾ മാസങ്ങൾ നീണ്ട പ്രയത്നത്തിനൊടുവിൽ ഇൻകുബേറ്റർ നിർമിച്ചത്.