സനാതന ലൈബ്രറി വാക്ക് പാലിച്ചപ്പോള്‍ യാഥാര്‍ഥ്യമായത് സനാതന സംഗീതം
1496871
Monday, January 20, 2025 6:33 AM IST
അഞ്ചല്‍: അലയമണ്‍ മീന്കുളത്തെ ബഡ്സ് സ്കൂള്‍ വിദ്യാര്‍ഥിനിയായ സംഗീത പഠന രംഗത്തും കലാരംഗത്തും മിന്നും പ്രതിഭ. പക്ഷേ അടച്ചുറപ്പും സുരക്ഷിതവുമായ ഒരു വീടെന്ന സംഗീതയുടെയും കുടുംബത്തിന്റെയും സ്വപ്നം മാത്രം യഥാര്‍ഥ്യമായില്ല. സംഗീതയുടെയും കുടുംബത്തിന്റെയും വീടെന്ന സ്വപ്നം ബഡ്സ് സ്കൂള്‍ അധ്യാപികയാണ് മീന്‍കുളം സനാതന ലൈബ്രറി ഭാരവാഹികളെ അറിയിച്ചത്.
അറുപതാം വാര്‍ഷികം ആഘോഷിക്കുന്ന ലൈബ്രറി സന്തോഷപൂര്‍വം ഉദ്യമം ഏറ്റെടുത്തു. നിര്‍മാണം ആരംഭിച്ചു. 84 ദിവസം കൊണ്ട് വീട് നിര്‍മാണം പൂര്‍ത്തീകരിക്കുകയും വീടിന് സനാതന സംഗീതം എന്ന് നാമകരണവും ചെയ്തു. ഒടുവില്‍ മീന്‍കുളം ഗ്രാമത്തെ ആഘോഷമാക്കിയ ചടങ്ങില്‍ നാട്ടുകാരെ സാക്ഷി നിര്‍ത്തി സനാതന സംഗീതത്തിന്റെ ഗൃഹപ്രവേശന കര്‍മം മന്ത്രി ജെ. ചിഞ്ചു റാണി നിര്‍വഹിച്ചു.
തുടര്‍ന്നു നടന്ന സാംസ്കാരിക സമ്മേളനം മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ ലൈബ്രറി പ്രസ്ഥാനങ്ങള്‍ ശക്തമായി നടക്കുന്ന ഇടങ്ങളിലെല്ലാം സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ വലിയ വളര്‍ച്ചയാണ് ഉണ്ടാകുന്നതെന്ന് മന്ത്രി പറഞ്ഞു.
ലൈബ്രറി പ്രസിഡന്റ് ജയിംസ് ജോസഫ് ഒറ്റപ്ലാക്കല്‍ അധ്യക്ഷത വഹിച്ചു. മുന്‍ മന്ത്രി കെ. രാജു, കവി ഗിരീഷ് പുലിയൂര്, പഞ്ചായത്ത് പ്രസിഡന്റ് എം. ജയശ്രീ, ജില്ലാ പഞ്ചായത്ത് അംഗം സി. അംബികാകുമാരി, വൈസ് പ്രസിഡന്റ് ജി. പ്രമോദ്, ബ്ലോക്ക് പഞ്ചയ്ത്ത് അംഗം എം. മനീഷ്,
സ്ഥിരം സമിതി അധ്യക്ഷന്മാരായ എം. മുരളി, മിനി ദാനിയേല്‍, ലൈബ്രറി സെക്രട്ടറി സജീവ് പാങ്ങലംകാട്ടില്, വൈസ് പ്രസിഡന്റ് പി.ജെ.തോമസ് പള്ളിപ്പുറം, വനിതാ വേദി അംഗം റീജ തുടങ്ങി ജനപ്രതിനിധികള്‍ പൊതുപ്രവര്‍ത്തകര്‍, സാമൂഹിക സാംസ്കാരിക നേതാക്കള്‍ പ്രസംഗിച്ചു.