മുഖ്യമന്ത്രിക്ക് സാധാരണക്കാരുടെ വേദന മനസിലാക്കാൻ കഴിയുന്നില്ല: കെ. സുധാകരൻ
1496531
Sunday, January 19, 2025 6:32 AM IST
പുനലൂർ: വാഴ്ത്തുപാട്ടുകളിൽ വിരാജിച്ചു നടക്കുന്ന മുഖ്യമന്ത്രിക്ക് സാധാരണക്കാരന്റെ വേദന മനസിലാക്കാൻ കഴിയുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. കണ്ണൂരിലെയും ധർമടത്തെയും കമ്യുണിസ്റ്റുകാർക്ക് തനിക്കുവേണ്ടി കൈപ്പത്തി ചിഹ്നത്തിൽ വോട്ട് ചെയ്യാമെങ്കിൽ, കേരളത്തിൽ എമ്പാടുമുള്ള കമ്യുണിസ്റ്റുകൾ കോൺഗ്രസിന് വോട്ട് ചെയ്യാൻ തയാറായതായി അദ്ദേഹം പറഞ്ഞു. കോൺഗ്രസ് പുനലൂർ മണ്ഡലം സമ്പൂർണ നേതൃയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സമസ്ത മേഖലകളിലും ദുരിതം വിതയ്ക്കുന്ന എൽഡിഎഫ് സർക്കാരിനെ ഇല്ലായ്മ ചെയ്യാൻ അതിശക്തമായ പോരാട്ടത്തിന് തയാറെടുക്കണമെന്ന് കോൺഗ്രസ് പ്രവർത്തകരോട് ആഹ്വാനം ചെയ്തു.
സാധാരണക്കാരെയും പാർശ്വവത്കരിക്കപ്പെട്ടവരെയും കൈകോർത്തു പിടിക്കുന്ന പ്രസ്ഥാനം ഇന്ത്യൻ നാഷണൽ കോൺഗ്രസ് മാത്രമാണ്.
കേന്ദ്ര കേരള സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങളിൽ നിന്ന് കേരളീയ പൊതുസമൂഹത്തെ സംരക്ഷിക്കാൻ കോൺഗ്രസിന് മാത്രമേ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനുള്ള തയാറെടുപ്പുകളിൽ പുനലൂരിലെ കോൺഗ്രസിന്റെ പ്രവർത്തനങ്ങളെ കെപിസിസി പ്രസിഡന്റ് അഭിനന്ദിച്ചു. പുനലൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി .വിജയകുമാർ അധ്യക്ഷത വഹിച്ചു.
ത്രിതല പഞ്ചായത്തുകളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ എഐസിസി ജനറൽ സെക്രട്ടറി ഡോ. വി.കെ. അറിവഴകൻ വിലയിരുത്തി. ചിട്ടയായ പ്രവർത്തനങ്ങളിലൂടെയും നിരന്തര യോഗങ്ങളിലൂടെയും പുനലൂർ നിയോജക മണ്ഡലത്തിന്റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുണമെന്ന് അറിവഴകൻ നിർദേശിച്ചു.
ജില്ലയുടെ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു റിപ്പോർട്ട് അവതരിപ്പിച്ചു. കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. എം.എം. നസീർ, ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്ര പ്രസാദ്, കെപിസിസി മെമ്പർ ഭാരതീപുരം ശശി, സൈമൺ അലക്സ്, ഡിസിസി ഭാരവാഹികളായ കെ. ശശിധരൻ, ഏരൂർ സുഭാഷ്, അഞ്ചൽ സോമൻ, സഞ്ജു ബുഖാരി, അഡ്വ. സഞ്ജയ് ഖാൻ, അമ്മിണി രാജൻ, കുളത്തൂപ്പുഴ സലിം, പി.ബി. വേണുഗോപാൽ, അഞ്ചൽ ബ്ലോക്ക് പ്രസിഡന്റ് തോയിത്തല മോഹനൻ, പുനലൂർ മണ്ഡലം പ്രസിഡന്റ് എസ്. നാസർ എന്നിവർ പ്രസംഗിച്ചു.
മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റുമാരും പോഷക സംഘടനകളുടെ ചുമതലക്കാരും യോഗത്തിൽ റിപ്പോർട്ട് അവതരിപ്പിച്ചു.