പട്ടത്താനം കലാവേദി ഗ്രന്ഥശാല സുവർണ ജൂബിലി നിറവിൽ
1496527
Sunday, January 19, 2025 6:32 AM IST
കൊല്ലം: പട്ടത്താനം കലാവേദി ഗ്രന്ഥശാല സുവർണ ജൂബിലി നിറവിൽ. ചരിത്രമുഹൂർത്തങ്ങളും ഭാവി പ്രതീക്ഷകളും സമന്വയിപ്പിച്ച് ഒരു വർഷം നീളുന്ന ആഘോഷത്തിന് ഇന്ന് തുടക്കമാകും. ഉച്ചകഴിഞ്ഞ് മൂന്നിന് മാടൻപള്ളി ജംഗ്ഷനിൽ നിന്ന് കലാവേദി കുടുംബാംഗങ്ങളുടെ വിളംബര ഘോഷയാത്ര ആരംഭിക്കും.
ഇരു ചക്ര വാഹനങ്ങളും വാദ്യ ഘോഷങ്ങളും നാടൻ കലാരൂപങ്ങളും ഘോഷയാത്രയ്ക്ക് അകമ്പടിയേകും.അഞ്ചിന് കലാവേദി അങ്കണത്തിൽ ചേരുന്ന സാംസ്കാരിക സമ്മേളനം മാസ്റ്റേഴ്സ് മിസ്റ്റർ വേൾഡ് എ. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്യും.
സൈനിക സേവനം പൂർത്തിയാക്കി മടങ്ങിയെത്തിയവരെയും ഗ്രന്ഥശാലയുടെ മുൻകാല ഭാരവാഹികളെയും ചടങ്ങിൽ ആദരിക്കും. രാത്രി ഏഴുമുതൽ കലാവേദി അംഗങ്ങളുടെ തിരുവാതിര, കരോക്കെ ഗാനമേള, നൃത്തം, സിനിമാറ്റിക് ഡാൻസ് എന്നിവ ഉൾപ്പെട്ട കലാസന്ധ്യ അരങ്ങേറും.
21 ന് രാവിലെ 10 മുതൽ സൗജന്യ മെഡിക്കൽ ക്യാമ്പും കാൻസർ നിർണയ പരിശോധനയും നടക്കും. ദേശീയ ആരോഗ്യമിഷൻ, കുടുംബാരോഗ്യ മിഷൻ ഉളിയക്കോവിൽ എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ്. തുടർന്ന് 2025 ലെ എല്ലാ രണ്ടാം ശനിയാഴ്ചകളിലും സൗജന്യ മെഡിക്കൽ ക്യാമ്പ് ഉണ്ടാകും. സാംസ്കാരിക സമ്മേളനങ്ങൾ, കലാ, സാഹിത്യോത്സവം, പുസ്തക ചർച്ചകൾ,
സെമിനാറുകൾ, പരിശീലന ക്ലാസ്, ജോബ് ഫെയർ തുടങ്ങി പരിപാടികൾ ആഘോഷ ങ്ങളുടെ ഭാഗമായി സംഘടിപ്പിക്കും.
സംസ്ഥാനതല വടം വലി മത്സരം, പഞ്ചഗുസ്തി മത്സരം, ഖോ ഖോ മത്സരം, ഇന്റർ സ്റ്റേറ്റ് കബഡി ചാമ്പ്യൻഷിപ്പ്, ചെസ് ചാമ്പ്യൻഷിപ്പ്, അഖില കേരള മാരത്തോൺ മത്സരം, ഷട്ടിൽ ടൂർണമെന്റ് എന്നിവ നടക്കുമെന്ന് സുവർണ ജൂബിലി ആഘോഷ സമിതി ഭാരവാഹികളായ മുരളീധരൻ, സാബു, ജയൻ പട്ടത്താനം, വി.ആർ. ആനന്ദ്, ജയൻ ഇടക്കാട് എന്നിവർ അറിയിച്ചു.