മണ്ണൂർക്കാവിൽ പെരുവനം കുട്ടൻമാരാർ ഇന്ന് കൊട്ടിക്കയറും
1496327
Saturday, January 18, 2025 6:21 AM IST
കൊല്ലം: മൈനാഗപ്പള്ളി മണ്ണൂർക്കാവ് ഭഗവതി ക്ഷേത്രത്തിൽ ഉത്സവ ഭാഗമായി കൊട്ടികയറാൻ പെരുവനവും മേളലഹരിയിൽ ആറാടാൻ ആസ്വാദകരും ഒരുങ്ങി.മണ്ണൂർക്കാവ് വിശ്വാസികൂട്ടത്തിന്റെ നേതൃത്വത്തിൽ ഇന്ന് വൈകുന്നേരം അഞ്ചിന് അമ്മയ്ക്കൊരു മേളം' എന്ന പേരിൽ നടത്തുന്ന പാണ്ടിമേളത്തിൽ പത്മശ്രീ. പെരുവനം കുട്ടൻമാരാരും 100 വാദ്യകലാകാരന്മാരും അണിനിരക്കും.
മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള മേളം സിനിമാതാരം ജയൻ ചേർത്തല ഉദ്ഘാടനം ചെയ്യും ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് രവി മൈനാഗപ്പള്ളി അധ്യക്ഷത വഹിക്കും. പെരുവനം കുട്ടൻമാരാരെ സിനിമതാരം ജയൻ ചേർത്തല ആദരിക്കും.
മേളത്തോടനുബന്ധിച്ച് നിർധനരായ നിരവധി പേർക്ക് ചികിത്സാ ധനസഹായം പെരുവനം കുട്ടൻമാരാർ വിതരണം ചെയ്യുമെന്ന് ക്ഷേത്ര ഭരണസമിതി സെക്രട്ടറി സുരേഷ് ചാമവിള, പ്രസിഡന്റ് രവി മൈനാഗപ്പള്ളി, മണ്ണൂർക്കാവ് വിശ്വാസികൂട്ടം സംഘാടകസമിതി കൺവീനർ ബിനു കുമാർ, ജോ. കൺവീനർ ആദർശ് രാജ്, വിനേഷ് എന്നിവർ അറിയിച്ചു.