കുഷ്ഠരോഗ നിര്‍ണയ കാമ്പയിന് 'അശ്വമേധ'ത്തിന് തുടക്കമായി
1496523
Sunday, January 19, 2025 6:32 AM IST
കൊല്ലം: സമൂഹത്തില്‍ കുഷ്ഠരോഗ ബാധിതരെ കണ്ടെത്തി ചികിത്സയ്ക്ക് വിധേയമാക്കാനായി 'അശ്വമേധ'കുഷ്ഠരോഗ നിര്‍ണയ കാമ്പയിന് ആരംഭിക്കുന്നു. പദ്ധതിയുടെ ഭാഗമായി പൊതുജനങ്ങള്‍ പരിശോധനയ്ക്ക് തയാറാകണമെന്ന് ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ് അറിയിച്ചു.
രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറ്റിയെടുത്ത് അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം. 30 മുതല്‍ ഫെബ്രുവരി 12 വരെയാണ് കാമ്പയിന് നടത്തുന്നത്. പരിശീലനം ലഭിച്ച രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ജില്ലയിലെ മുഴുവന്‍ വീടുകള്‍ സന്ദര്‍ശിച്ച് ചര്‍മ പരിശോധന നടത്തി കുഷ്ഠരോഗ സമാന ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ആശുപത്രികളില്‍ എത്തിച്ച് രോഗനിര്‍ണയം നടത്തി ചികിത്സ ലഭ്യമാക്കും.
ചികിത്സ സൗജന്യമാണ്. ഭവനസന്ദര്‍ശനം നടത്തുന്നതിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, വോളന്റിയര്‍മാര്‍ എന്നിവര്‍ക്കു പരിശീലനം നല്കി നിയോഗിച്ചിട്ടുണ്ട്. കുട്ടികളിലെ രോഗബാധ, അംഗവൈകല്യം സംഭവിക്കുന്നവരുടെ നിരക്ക് പ്രത്യേകം നിരീക്ഷിക്കും. ജില്ലയില്‍ നിലവില്‍ 12 രോഗികളാണ് ചികിത്സയിലുള്ളത്.
രോഗാണു ശരീരത്തില്‍ പ്രവേശിച്ചാല്‍ കുറഞ്ഞത് അഞ്ച് മുതല്‍ 10 വര്‍ഷം കഴിഞ്ഞാണ് രോഗലക്ഷണങ്ങള്‍ പ്രകടമാകുക. ഈ കാലയളവ് രോഗം പകരാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ രോഗം കണ്ടുപിടിക്കുക അതിപ്രധാനമാണ്. ആരംഭത്തില്‍ കണ്ടുപിടിച്ച് ചികിത്സിച്ചാല്‍ പൂര്‍ണമായി ഭേദമാക്കാം.
നിറം മങ്ങിയതോ ചുവന്നതോ ആയ, സ്പര്‍ശന ശേഷി കുറഞ്ഞ പാടുകള്‍, പാടുകളില്‍ വേദനയോ ചൊറിച്ചിലോ ഇല്ലാതിരിക്കല്‍, കൈകാലുകളില്‍ മരവിപ്പ്, കട്ടിയുള്ള തിളങ്ങുന്ന ചര്‍മം, തടിപ്പുകള്‍, വേദനയില്ലാത്ത വ്രണങ്ങള്‍, വൈകല്യങ്ങള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. രോഗ പ്രതിരോധ ശേഷി കുറഞ്ഞവരിലാണ് രോഗം പ്രത്യക്ഷമാകുന്നത്.
വിവിധ വകുപ്പുകളുടെ സഹായത്തോടെയാണ് കാമ്പയിന് സംഘടിപ്പിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങള്‍തോറും വ്യാപകമായി പ്രചാരണം നടത്താന്‍ ജോയിന്റ് ഡയറക്ടറെ ചുമതലപ്പെടുത്തി. പട്ടികവര്‍ഗ മേഖലയിലും ഇതരസംസ്ഥാന തൊഴിലാളികള്‍ വസിക്കുന്ന മേഖലയിലും പ്രത്യേക പ്രചാരണം നടത്തും. സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ വ്യാപക പ്രചാരണം നടത്തുന്നതിന് പ്രിന്‍സിപ്പാള്‍, ഹെഡ്മാസ്റ്റര് ഉള്‍പ്പെടെയുള്ളവര്‍ക്ക് നിര്‍ദേശം നല്കാന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി. ഇത്തരം രോഗലക്ഷണങ്ങളുമായി ഹോമിയോ, ആയുഷ് വിഭാഗങ്ങളില്‍ ചികിത്സ തേടുന്നവര്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ വിവരം അറിയിക്കണം.
അശ്വമേധം (ലെപ്രസി കേസ് ഡിറ്റക്ഷന്‍) കാമ്പയിന് ജില്ലയില്‍ നടത്തുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടറുടെ ചേമ്പറില്‍ ഇന്റര്‍ സെക്ടറല്‍ യോഗം ചേര്‍ന്നു. ഡെപ്യൂട്ടി ഡിഎംഒയും ജില്ലാ ലെപ്രസി ഓഫീസറുമായ ഡോ. എ.ആര്. ശ്രീഹരി വിഷയം അവതരിപ്പിച്ചു. ജില്ലാതല ഉദ്യോഗസ്ഥര്‍, മെഡിക്കല്‍ കോളജ് കമ്യുണിറ്റി മെഡിസിന് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.