ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; 25 ലേക്ക് മാറ്റി
1496528
Sunday, January 19, 2025 6:32 AM IST
കൊല്ലം: ഓയൂർ ഓട്ടുമലയിൽ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ് 25 ലേക്ക് മാറ്റി. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചെങ്കിലും രണ്ടാംപ്രതി അനിതാകുമാരി ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി ഹർജി സമർപ്പിച്ചതിനെത്തുടർന്ന് 25 ലേക്ക് മാറ്റുകയായിരുന്നു. കേസിലെ മൂന്നു പ്രതികളും കോടതിയിൽ ഹാജരാകുന്നതിനല്ലാതെ ജില്ലയിൽ പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് ജാമ്യത്തിൽ കഴിയുന്നത്.
ജില്ലയിൽ പ്രവേശിക്കുന്നതിന് ഇളവ് അനുവദിക്കണമെന്നു കാണിച്ചാണ് അനിതാകുമാരി ഹർജി നൽകിയത്. അഡീഷണൽ സെഷൻസ് കോടതി ജഡ്ജി പി.എൻ. വിനോദ് മുൻപാകെ കുറ്റപത്രം സംബന്ധിച്ച് പ്രോസിക്യൂഷൻ വാദം പൂർത്തിയായിരുന്നു. പ്രതിഭാഗം വാദം ഡിസംബറിൽ തുടങ്ങാനിരുന്നെങ്കിലും കൂടുതൽ സാവകാശം തേടിയിരുന്നു. തുടർന്നാണ് ജാമ്യ വ്യവസ്ഥയിൽ ഇളവു തേടി ഹർജി നൽകിയത്.
കഴിഞ്ഞ വര്‍ഷം നവംബര്‍ 27 ന് വൈകുന്നേരമാണ് മോചനദ്രവ്യം ആവശ്യപ്പെട്ട് ഓയൂര്‍ ഓട്ടുമലയില്‍ നിന്ന് ആറു വയസുകാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ. പത്മകുമാർ (51), ഭാര്യ എം.ആർ. അനിതാകുമാരി (39), മകൾ പി. അനുപമ (21) എന്നിവരാണ് കേസിലെ പ്രതികൾ.
പ്രോസിക്യുഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. മോഹൻരാജ് കോടതിയിൽ ഹാജരായി.