കൊട്ടാരക്കരയിലെ പൊതു ശ്മശാനം: പ്രവർത്തനം തുടങ്ങാൻ വൈകും
1496860
Monday, January 20, 2025 6:23 AM IST
കൊട്ടാരക്കര: കൊട്ടാരക്കരയിൽ പൊതു ശ്മശാനം തുറന്നെങ്കിലും പ്രവർത്തനം തുടങ്ങാൻ ഇനിയും കാത്തിരിക്കണം. ഒരാഴ്ച മുൻപ് മന്ത്രി കെ.എൻ. ബാലഗോപാലാണ് ശ്മശാനം ഉദ്ഘാടനം ചെയ്തത്.
'പ്രശാന്തി കവാടം' എന്ന പേരും മന്ത്രി നൽകി. റെയിൽവേ സ്റ്റേഷൻ കവലയ്ക്ക് സമീപത്തെ ഉഗ്രൻകുന്നിൽ മാലിന്യ പ്ലാന്റിനോട് ചേർന്നാണ് 58 ലക്ഷം ചെലവിട്ട് പൊതു ശ്മശാനം നിർമിച്ചത്.
ശ്മശാനത്തിലേക്ക് വാട്ടർ കണക്ഷൻ ഇനിയും ലഭ്യമായിട്ടില്ല. അതിനാൽ പ്രവർത്തനം തുടങ്ങാൻ വൈകും. ടോയ് ലറ്റുകളുടെ നിർമാണം പൂർത്തിയായിട്ടില്ല. ചുറ്റുമതിൽ നിർമിച്ചിട്ടില്ല.
നഗരസഭയിലെ ശുചീകരണ തൊഴിലാളികളെ ഉപയോഗിച്ച് ശ്മശാനം പ്രവർത്തിപ്പിക്കാനാണ് തീരുമാനം. ഇതിനായി നാല് തൊഴിലാളികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇവർക്ക് പരിശീലനവും നൽകി. ജീവനക്കാർ നഗരസഭയുടെ മറ്റ് ജോലികൾക്ക് പോകും. അതിനൊപ്പം ശ്മശാനത്തിന്റെ പ്രവർത്തനം ആവശ്യമായി വരുന്പോൾ എത്തിച്ചേരും.
സംസ്കാരത്തിന് 5000 രൂപയാണ് ഈടാക്കുക. പൂർണമായും ഗ്യാസിലാണ് പ്രവർത്തിക്കുന്നത്. ആധുനിക സംവിധാനങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഒന്നര മണിക്കൂറാണ് സംസ്കാരത്തിന് വേണ്ടിവരുന്ന സമയം. ഇതിനായി 10ഗ്യാസ് സിലിണ്ടറുകളാണ് കണക്ട് ചെയ്തിട്ടുള്ളത്.
സ്വന്തമായി ഭൂമിയില്ലാത്തവരും നാമമാത്രമായ ഭൂമിയിൽ കെട്ടിടം വച്ച് താമസിക്കുന്നവരുമടക്കം ഒട്ടേറെ കുടുംബങ്ങൾക്ക് പുതിയ പൊതുശ്മശാനം വലിയ ആശ്വാസമാകും.
വാടക താമസക്കാരും അനാഥാലയങ്ങളിലെ അന്തേവാസികളുമടക്കം മരിക്കുമ്പോൾ കൊല്ലത്തും മറ്റ് പലയിടത്തും കൊണ്ടുപോയി സംസ്കരിക്കേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. മറ്റ് പഞ്ചായത്തുകളിലുള്ളവർക്കും ഉപയോഗിക്കാം.