പുതിയ മദ്യനിർമാണശാല: അനുമതി പിൻവലിക്കണമെന്ന് കെസിബിസി
1496858
Monday, January 20, 2025 6:23 AM IST
കൊല്ലം: സംസ്ഥാനത്തിന്റെ സാമൂഹിക താല്പര്യങ്ങളെ അവഗണിച്ച്പുതിയ മദ്യനിർമാണശാലക്ക് നൽകിയ അനുമതി നിരുപാധികം പിൻവലിക്കണമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി കൊല്ലം രൂപതാ കമ്മിറ്റി ആവശ്യപ്പെട്ടു.
മദ്യത്തിലൂടെയുളള രഹസ്യവും പരസ്യവുമായ സാന്പത്തിക നേട്ടങ്ങളുടെ ആസക്തിയിൽ സർക്കാരിന് മദ്യപാനികളെക്കാൾ ലെക്കുകെട്ടിരിക്കുകയാണെണ് സമിതി ചൂണ്ടിക്കാട്ടി. ജനങ്ങൾക്ക് കുടിവെള്ളം വിതരണം നടത്തുന്ന വാട്ടർ അഥോറിറ്റിയെ വിനാശകരമായ മദ്യം ഉത്പാദിപ്പിക്കാൻ ജലം നൽകുന്നതിനു ചുമതലപ്പെടുത്തിയ ഉത്തരവ് അപഹാസ്യമാണ്.
മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും പടിപടിയായി കുറയ്ക്കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കുന്നതിൽ സർക്കാർ പൂർണമായി പരാജയപ്പെട്ടിരിക്കുന്നു.
യഥേഷ്ടം മദ്യശാലകൾ അനുവദിച്ചും ബാറുകളുടെ പ്രവർത്തന സമയം ദീർഘിപ്പിച്ചും ദൂരപരിധി കുറച്ചും തൊഴിലിടങ്ങൾ മദ്യവൽക്കരിച്ചും മദ്യപ്രളയം സൃഷ്ടിച്ച നടപടികൾ ഗുരുതരമായ ജനവഞ്ചനയാണ്. ജനങ്ങളുടെ ക്ഷേമവും സാമൂഹിക സുരക്ഷിതത്വവും മറുന്നുകൊണ്ട് തികച്ചും മുതലാളിത്ത താല്പര്യങ്ങൾ സംരക്ഷിക്കുന്ന മദ്യനയം പുനഃപരിശോധിക്കണമെന്ന് സമിതി ആവശ്യപ്പെട്ടു.
ജനദ്രോഹ മദ്യനയം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭം ആരംഭിക്കും. ഇതിന്റെ ആദ്യഘട്ടമായി ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനത്തിൽ പ്രതിഷേധ നില്പു സമരം സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു.
രൂപത പ്രസിഡന്റ് യോഹന്നാൻ ആന്റണി അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. മിൽട്ടണ്‍ ജോർജ്, ജനറൽ സെക്രട്ടറി ഏ.ജെ.ഡിക്രൂസ്, എം.എഫ്. ബർഗ്ലീൻ, ഇഗ്നേഷ്യസ് സെറാഫീൻ, അഡ്വ. ഇ.എമേഴ്സണ്‍, ബിനു മൂതാക്കര, മേഴ്സി യേശുദാസ്, ബി. സെബാസ്റ്റ്യൻ, ജസ്റ്റിൻ ജോസഫ്, സന്തോഷ് സേവ്യർ, എം. മാനുവൽ എന്നിവർ പ്രസംഗിച്ചു.