യൂണിഫോം അലവൻസ് നൽകണം: മാനേജേഴ്സ് അസോസിയേഷൻ
1496521
Sunday, January 19, 2025 6:24 AM IST
കൊല്ലം: സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് നൽകുന്ന സൗജന്യ യൂണിഫോം അലവൻസ് ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് മാനേജേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
അധ്യയന വർഷം അവസാനിക്കാറായിട്ടും ഇതുവരെയും അലവൻസ് നൽകിയിട്ടില്ല. മൂന്നുവർഷമായി എയ്ഡഡ് സ്കൂളുകളിലെ വിദ്യാർഥികൾക്ക് യൂണിഫോം അലവൻസ് ലഭിക്കുന്നില്ല.
ഇത് എയ്ഡഡ് സ്കൂൾ കുട്ടികളോട് കാണിക്കുന്ന വിവേചനമാണെന്ന് മാനേജേഴ്സ് അസോസിയേഷൻ കുറ്റപ്പെടുത്തി. അലവൻസ് നിഷേധിക്കുകയാണെങ്കിൽ മാനേജേഴ്സ് അസോസിയേഷൻ കോടതിയെ സമീപിക്കാൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
സർക്കാർ എയ്ഡഡ് സ്കൂളുകളിൽ ഒന്നു മുതൽ എട്ട് വരെ പഠിക്കുന്ന ഓരോ വിദ്യാർഥിക്കും പ്രതിവർഷം 600 രൂപ വീതം സർക്കാർ യൂണിഫോം അലവൻസ് നൽകി വരുന്നതാണ്. ഉച്ചഭക്ഷണ പദ്ധതിയിലും സൗജന്യ യൂണിഫോം നൽകുന്നതിലും സർക്കാർ കാണിക്കുന്ന അനാസ്ഥ പൊതുവിദ്യാഭ്യാസ മേഖലയുടെ തകർച്ചയ്ക്ക് വഴിയൊരുക്കുമെന്ന് യോഗം അഭിപ്രായപ്പെട്ടു.
കെപിഎസ്എംഎ പ്രൈവറ്റ്(എയ്ഡഡ്) സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം 24,25 തീയതികളിൽ കൊല്ലത്ത് നടക്കും. ആശ്രാമം സ്മാൾ സ്കെയിൽ ഇന്റസ്ട്രീസ് അസോസിയേഷൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം 25 ന് രാവിലെ ഒന്പതിന് മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. കൊല്ലം മർച്ചന്റ് അസോസിയേഷൻ ഹാളിൽ നടന്ന സ്വാഗത സംഘ രൂപീകരണ യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് കല്ലട ഗിരീഷ് ഉദ്ഘാടനം ചെയ്തു.
ജില്ലാ വൈസ് പ്രസിഡന്റ് മുരളി കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി.വി. ഉല്ലാസ് രാജ്, ഭാരവാഹികളായ ജെ. ഗോപകുമാർ, ജി. മനോഹരൻ നായർ, കെ.ബി. ലക്ഷ്മി കൃഷ്ണ, അനിൽ തടിക്കാട്, എ.എൽ. ഷിഹാബ്, എ.എസ്. അൻസാരി, പി.എസ്. വിലാസ്, പി. തങ്കച്ചൻ, എസ്. രമേഷ് കുമാർ, വി.കെ. രാജീവ്, സി.ആർ. രാധാകൃഷ്ണപിള്ള, ആർ. രഞ്ജിത്ത് ബാബു, എ.എം. ഹാഷിം, ഗീതാകൃഷ്ണൻ ഒറ്റക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
സ്വാഗത സംഘം ഭാരവാഹികളായി മണി കൊല്ലം -രക്ഷാധികാരി, കല്ലട ഗിരീഷ് -ചെയർമാൻ, വി.വി. ഉല്ലാസ് രാജ്- ജന. കൺവീനർ, സംസ്ഥാന-ജില്ലാ കൗൺസിൽ അംഗങ്ങൾ , സബ് ജില്ലാ പ്രസിഡന്റ്, സെക്രട്ടറി എന്നിവരടങ്ങുന്ന 51 അംഗ സ്വാഗതസംഘം രൂപീകരിച്ചു.