ഇനി പരീക്ഷാ കാലം: രാത്രികാല പഠന ക്ലാസുകള്‍ സജീവം
1496861
Monday, January 20, 2025 6:23 AM IST
അഞ്ചല്‍: ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ മോഡല്‍ പരീക്ഷകള്‍, മാര്‍ച്ച് മാസത്തില്‍ പൊതുപരീക്ഷ. വിദ്യാര്‍ഥികളില്‍ ടെന്‍ഷനും ഭയവും ആകാംക്ഷയുമൊക്കെ വര്‍ധിക്കുന്ന കാലം. പല വിദ്യാര്‍ഥികള്‍ക്കും ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഈമാസങ്ങള് സാക്ഷ്യം വഹിക്കുന്നു.
ഇത്തരം കാര്യങ്ങളില്‍ നിന്ന് വിദ്യാര്‍ഥികളെ സംരക്ഷിക്കുന്നതിനോടൊപ്പം കുട്ടികളെ കൂടുതല്‍ മികച്ച രീതിയില്‍ പരീക്ഷയെ അഭിമുഖീകരിക്കാന്‍ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രാത്രികാല പഠന ക്ലാസുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്.
രാത്രികാല ക്ലാസുകള്‍ മികച്ചതും പ്രയാസമുള്ള വിഷയങ്ങള്‍ കൂടതല്‍ എളുപ്പത്തിലാക്കുന്നതിനും പരീക്ഷാ ഭയം അകറ്റാനും ഇത്തരം ക്ലാസുകള്‍ ഏറെ പ്രയോജനകരമാണന്നു വിദ്യാര്‍ഥികള്‍ സാക്ഷ്യപ്പെടുത്തുന്നു. കൊല്ലം അലയമണ്‍ പഞ്ചായത്തിലെ പുത്തയത്ത് പ്രവര്‍ത്തിക്കുന്ന മെറിറ്റ് അക്കാദമിയില്‍ വിദ്യാര്‍ഥികള്‍ രാത്രികാല പഠനം ആസ്വാദിക്കുകയാണ്.
ഓരോ ദിവസവും പഠനം കഴിഞ്ഞാല്‍ 40 മിനിറ്റ് നീണ്ടു നില്ക്കുന്ന പരീക്ഷ. പിന്നാക്കം നില്ക്കുന്ന കുട്ടികള്‍ക്ക് പ്രത്യേക ക്ലാസുകള്‍. മാനസിക സംഘര്‍ഷം കുറച്ചു വിദ്യാര്‍ഥികളെ എല്ലാവിധത്തിലും പരീക്ഷയെ നേരിടാന്‍ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് അധ്യാപകരുടെ പ്രവര്‍ത്തനം.
രക്ഷിതാക്കളുടെ ഭാഗത്ത് നിന്നു ലഭിക്കുന്നത് വലിയ പിന്തുണയെന്ന് അധ്യാപകര്‍ പറയുന്നു. ഓരോ ദിവസവും ഓരോ രക്ഷിതാക്കളുടെയും വകയായി കാപ്പിയും ലഘു ഭക്ഷണവും എത്തിക്കും. കുട്ടികള്‍ക്ക് എല്ലാ പിന്തുണയുമായി ഇവരും ഒപ്പമുണ്ടാകും.