താമ്പരം - തിരുവനന്തപുരം നോർത്ത് എസി എക്സ്പ്രസ് സ്ഥിരമാക്കണം
1496056
Friday, January 17, 2025 6:11 AM IST
പുനലൂർ: താമ്പരം - തിരുവനന്തപുരം നോർത്ത് എസി എക്സ്പ്രസ് സ്ഥിരം സർവീസ് ആക്കി മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. യാത്രക്കാർക്ക് ഏറെ പ്രയോജനപ്രദമായ ഈ സർവീസ് ഇപ്പോൾ ആഴ്ചയിൽ ഒരു ദിവസമാണ് സർവീസ് നടത്തുന്നത്. മീറ്റർ ഗേജ് കാലത്ത് ചെങ്കോട്ട - പുനലൂർ - കൊല്ലം റെയിൽവേ പാത വഴി രണ്ട് ചെന്നൈ സർവീസുകൾ ഉണ്ടായിരുന്നതാണ്. ബ്രോഡ്ഗേജ് പാതയാക്കി മാറ്റി 2018 ൽ കമ്മീഷൻ ചെയ്തതിനുശേഷം ഈ പാത വഴി ചെന്നൈയിലേക്ക് ക്വയിലോൺ മെയിൽ മാത്രമാണ് അനുവദിച്ചത്. രണ്ടാമത്തെ ചെന്നൈ ട്രെയിൻ സർവീസ് പുനരാരംഭിച്ചില്ല.
താംമ്പരത്ത് നിന്ന് തിരുവനന്തപുരം നോർത്തിലേയ്ക്ക് എസി എക്സ്പ്രസ് സർവീസ് ആരംഭിച്ചതോടെ യാത്രക്കാർ വളരെയധികം ഉത്സാഹത്തിലാണ്. മീറ്റർ ഗേജ് കാലത്ത് ചെങ്കോട്ട - പുനലൂർ - കൊല്ലം റെയിൽപാത വഴിയുണ്ടായിരുന്ന രണ്ടാമത്തെ ചെന്നൈ സർവീസ് ഈ സർവീസിലൂടെ തിരികെ ലഭിച്ച സന്തോഷമാണ് യാത്രക്കാർക്ക്. എന്നാൽ 10 മാസമായി സ്പെഷൽ സർവീസായി ഓടിക്കൊണ്ടിരിക്കുന്ന ട്രെയിൻ സർവീസ് സ്ഥിരപ്പെടുത്തണമെന്ന ആവശ്യം ശക്തമാവുകയാണ്.
കേരളത്തിൽ നിന്നും തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും യാത്രക്കാർക്ക് ചെന്നൈയിലേക്ക് പോകാനും, മടക്കയായ്രയ്ക്കും ഉപയോഗിക്കാവുന്ന ട്രെയിൻ സർവീസാണിത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യാത്രക്കാർ സർവീസ് ഉപയോഗപ്പെടുത്തുന്നുണ്ട്. ഇപ്പോൾ യാത്രക്കാരുടെ ആവശ്യാനുസരണം ഓരോ മാസം വീതം റെയിൽവേ സർവീസ് നീട്ടിക്കൊണ്ട് പോകുകയാണ്. സർവീസ് സ്ഥിരമാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
കൊച്ചുവേളി, കൊല്ലം, കൊട്ടാരക്കര, പുനലൂർ റെയിൽവേ സ്റ്റേഷനുകളിൽ നിന്ന് ധാരാളം യാത്രക്കാരാണ് ഈ ട്രെയിൻ സർവീസിനെ ആശ്രയിക്കുന്നത്. മധുര, തിരുച്ചിറപ്പള്ളി, വൃദ്ധാചലം, ശ്രീരംഗം, വില്ലുപുരം, താമ്പരം അടക്കമുള്ള തമിഴ്നാട്ടിലെ പ്രധാനപ്പെട്ട നഗരങ്ങളിലേക്ക് യാത്ര ചെയ്യാൻ ധാരാളം പേർ ഈ ട്രെയിനിനെ ആശ്രയിക്കുന്നു.