രാജീവ് ഗാന്ധി ലാബ് പ്രവർത്തനം ആരംഭിക്കും: കൊടിക്കുന്നിൽ സുരേഷ്
1495760
Thursday, January 16, 2025 6:19 AM IST
എഴുകോൺ: ജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ മെഡിക്കൽ പരിശോധനാ സേവനങ്ങൾ ലഭ്യമാക്കുന്നതിന് കൊട്ടാരക്കര ഏഴുകോണിൽ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ നേതൃത്വത്തിൽ മെഡിക്കൽ ലാബ് ഉടൻ പ്രവർത്തനസജ്ജമാകും.
നിർമാണം പുരോഗമിക്കുന്ന മെഡിക്കൽ ലാബിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി കൊടിക്കുന്നിൽ സുരേഷ് എംപി ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടൊപ്പം സ്ഥലം സന്ദർശിച്ചു.
രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ കീഴിൽ നിർമിക്കുന്ന ലാബിന് ആറുകോടി രൂപ ചെലവഴിക്കും.
പൂർണമായും ഇറക്കുമതി ചെയ്ത അത്യാധുനിക ലബോറട്ടറി ഉപകരണങ്ങൾ ഉപയോഗിച്ച് നടത്തുന്ന പരിശോധനകൾ, മറ്റ് ലാബുകളിൽ ലഭിക്കുന്നതിനെക്കാൾ കുറഞ്ഞ ചെലവിൽ ജനങ്ങൾക്ക് ലഭിക്കും.
ലാബിന്റെ നിർമാണ പ്രവർത്തനങ്ങൾ രണ്ടുമാസത്തിനുള്ളിൽ പൂർത്തിയാക്കി പ്രവർത്തനം ആരംഭിക്കും. മാവേലിക്കര, ചങ്ങനാശേരി എന്നിവിടങ്ങളിലും ലാബ് ആരംഭിക്കാനായി പദ്ധതി രൂപരേഖ സമർപ്പിച്ചതായി എംപി അറിയിച്ചു.
മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ കളക്ഷൻ സെന്ററുകളും സ്ഥാപിക്കും. ഇതിലൂടെ ഗ്രാമപ്രദേശങ്ങളിലേയ്ക്കും ആരോഗ്യപരിശോധനാ സേവനങ്ങൾ വ്യാപിപ്പിക്കാൻ കഴിയും. സാമൂഹ്യാരോഗ്യ മേഖലയിൽ പുതിയ പരിഷ്കാരങ്ങൾക്ക് വഴിയൊരുക്കുന്ന പദ്ധതി ആരോഗ്യ അവകാശം എല്ലാവർക്കും ഉറപ്പാക്കാനുള്ള പ്രതിബദ്ധതയുടെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു.