സംസ്ഥാന ടെക്നിക്കല്‍ ഹൈസ്കൂള്‍ കലോത്സവത്തിന് ഇന്ന് തുടക്കം
1495375
Wednesday, January 15, 2025 6:26 AM IST
നെയ്യാറ്റിന്‍കര : സംസ്ഥാന ടെക്നിക്കല്‍ ഹൈസ്കൂള്‍ കലോത്സവത്തിന്റെ 45 -ാമത് എഡിഷന് നാളെ കുളത്തൂര്‍ ഗവ. ടെക്നിക്കല്‍ ഹൈസ്കൂളില്‍ തിരി തെളിയും. കലോത്സവത്തിന്റെ ഭാഗമായ സാംസ്കാരിക ഘോഷയാത്ര, സാംസ്കാരിക സമ്മേളനം, രചനാ, പ്രസംഗ മത്സരങ്ങള്‍ എന്നിവ ഇന്ന് നടക്കും.
തിരുവനന്തപുരം ജില്ലയുടെ തെക്കന്‍ പ്രദേശമായ കുളത്തൂരില്‍ ആദ്യമായാണ് സംസ്ഥാന ടെക്നിക്കല്‍ ഹൈസ്കൂള്‍ കലോത്സവം സംഘടിപ്പിക്കപ്പെടുന്നത്. സംസ്ഥാനത്തെ 49 സ്കൂളുകളില്‍ നിന്നുള്ള 2000 ത്തിലധികം മത്സരാര്‍ഥികള്‍ നാലു ദിവസത്തെ കലോത്സവത്തില്‍ പങ്കെടുക്കുന്നു.
എട്ടു വേദികളിലായി 51 ഇനങ്ങളിലാണ് മത്സരങ്ങള്‍. കാലത്തിനുമപ്പുറം സ്വന്തം രചനകളാല്‍ അനശ്വരനായ മലയാളത്തിന്റെ സ്വന്തം എംടി വാസുദേവന്‍നായരുടെ സ്മരണാര്‍ഥം കലോത്സവത്തിലെ മത്സരവേദികള്‍ക്ക് അദ്ദേഹത്തിന്റെ പ്രശസ്തമായ കൃതികളുടെ പേരുകളാണ് സംഘാടകര്‍ നല്‍കിയിട്ടുള്ളത്. സുകൃതം, കടവ്, നീലത്താമര, നാലുകെട്ട്, നിര്‍മാല്യം, രണ്ടാമൂഴം, കാലം, മഞ്ഞ് എന്നിങ്ങനെയാണ് വേദികളുടെ തലക്കെട്ടുകള്‍.
ഇന്ന് രാവിലെ പത്തിന് രജിസ്ട്രേഷന് ആരംഭിക്കും. മൂന്നിന് ഉച്ചക്കട ജംഗ്ഷനില്‍ നിന്നും കലോത്സവ നഗരിയിലേയ്ക്ക് സാംസ്കാരിക ഘോഷയാത്ര. തുടര്‍ന്ന് കലോത്സവ നഗരിയില്‍ ഗായകന് പി. ജയചന്ദ്രനെ അനുസ്മരിച്ച് ചേരുന്ന സാംസ്കാരിക സമ്മേളനം ഡോ. ശശി തരൂര്‍ എംപി ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്മാന് കെ. ആന്‍സലന്‍ എംഎല്‍എ അധ്യക്ഷനാകും.
ഗായകന് ബിജു പെരുന്പുഴ ജയചന്ദ്രന് അനുസ്മരണം നടത്തും. തുടര്‍ന്ന് യുവകലാസാഹിതി- ഇപ്റ്റ ഗായക സംഘം അവതരിപ്പിക്കുന്ന ഗാനാര്‍ച്ചന. ചിത്രരചന (പെന്‍സില്‍, ജലച്ഛായം), കാര്‍ട്ടൂണ്‍, പ്രസംഗം (മലയാളം, ഇംഗ്ലീഷ്), ഉപന്യാസം (ഇംഗ്ലീഷ്, മലയാളം), കവിതാരചന (ഇംഗ്ലീഷ്, മലയാളം), കഥാരചന (മലയാളം, ഇംഗ്ലീഷ്) എന്നീ മത്സരങ്ങള്‍ ആദ്യദിനത്തില്‍ നടക്കും. സ്റ്റേജിനങ്ങള്‍ക്ക് നാളെ തുടക്കമാകും.
നാളെ വൈകുന്നേരം മൂന്നിന് മന്ത്രി അഡ്വ. ജി.ആര് അനിലിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ മന്ത്രി ഡോ. ആര്. ബിന്ദു കലോത്സവം ഉദ്ഘാടനം ചെയ്യും. കെ. ആന്‍സലന്‍ എംഎല്‍എ മുഖ്യാതിഥിയാകും. എംഎല്‍എ മാരായ സി.കെ ഹരീന്ദ്രന്‍, എം. വിന്‍സെന്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാര്‍, കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ സുരേഷ്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ പി.ആര് ഷാലിജ്, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എ. ഉണ്ണികൃഷ്ണന്‍നായര്‍ മുതലായവര്‍ സംബന്ധിക്കും.
കലോത്സവം 18 ന് സമാപിക്കും. 18 ന് വൈകുന്നേരം മൂന്നിന് സമാപന സമ്മേളനം മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി സതീശന് മുഖ്യാതിഥിയായിരിക്കും. ചലച്ചിത്ര അക്കാദമി ചെയര്മാന് പ്രേംകുമാര്‍ സമ്മാനദാനം നിര്‍വഹിക്കും.