അംഗീകാര നിറവില്‍ അലയമണ്‍ സര്‍ക്കാര്‍ ആശുപത്രി
1495771
Thursday, January 16, 2025 6:30 AM IST
അഞ്ചല്‍: സംസ്ഥാനത്ത് ആദ്യമായി ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ്സ് (എന്‍ക്യുഎഎസ്) അംഗീകാരം ലഭിച്ചപ്പോള്‍ ഒന്നാം സ്ഥാനത്ത് എത്തിയതിന്റെ അഭിമാനത്തിലാണ് അലയമണ്‍ സര്‍ക്കാര്‍ ആശുപത്രി. 94.77 ശതമാനം സ്കോര്‍ നേടിയാണ് അലയമണ്‍ കുടുംബാരോഗ്യ കേന്ദ്രം നേട്ടം സ്വന്തമാക്കിയത്.
ജനകീയ ആരോഗ്യ കേന്ദ്രങ്ങളില്‍ മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളും ഉപകരണങ്ങളും ആരോഗ്യ സേവനങ്ങളും 36 ഇനം മരുന്നുകളും 10 തരം ലാബ് പരിശോധനകളും ലഭ്യമാക്കുന്നതിനോടൊപ്പം ജനങ്ങളില്‍ നിന്നുള്ള പ്രതികരണങ്ങള്‍ കൂടി പരിഗണിച്ചാണ് അംഗീകാരം നല്‍കുന്നത്. ഒപിഡി വിഭാഗത്തില്‍ 93.65 ശതമാനവും,
ലാബ് വിഭാഗത്തില്‍ 94 ശതമാനവും, ജനറല്‍ അഡ്മിനിസ്ട്രേഷന് വിഭാഗത്തില്‍ 92 ശതമാനവും, എന്‍എച്ച്പി വിഭാഗത്തില്‍ 98 ശതമാനവും സ്കോര്‍ നേടിയാണ് അലയമണ്‍ കുടുംബാരോഗ്യ കേന്ദ്രം നേട്ടം കൈവരിച്ചത്.
എന്‍ക്യുഎഎസ് അംഗീകാരത്തിന് മൂന്ന് വര്‍ഷത്തെ കാലാവധിയാണുളളത്. മൂന്ന് വര്‍ഷത്തിന് ശേഷം ദേശീയ സംഘത്തിന്റെ പുനഃപരിശോധന ഉണ്ടാകും. കൂടാതെ വര്‍ഷം തോറും സംസ്ഥാനതല പരിശോധനയുമുണ്ടാകും.
എന്‍ക്യുഎഎസ് അംഗീകാരം ലഭിക്കുന്ന കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയും ലഭിക്കും. കൂട്ടായ്മയിലൂടെ ചരിത്ര നേട്ടം കൈവരിക്കാന്‍ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം. ജയശ്രീ അറിയിച്ചു.