മൃതദേഹം പുരയിടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ
1495538
Wednesday, January 15, 2025 10:50 PM IST
കൊട്ടിയം: മൃതദേഹം കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തി. കൊട്ടിയം തെക്കേ തട്ടാരുവിളവീട്ടിൽ എ. ബാബു(65) ആണ് മരിച്ചത്. കൊട്ടിയം - മയ്യനാട് റോഡിൽ ഗവ. ട്രാന്‍സിസ്റ്റ് ഹോമിനു സമീപമുള്ള പുരയിടത്തിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പത്ര വിതരണക്കാരനായ ബാബു ബൈക്കിന്റെ താക്കോല്‍ കാണാനില്ല എന്ന് പറഞ്ഞാണ് ചൊവ്വാഴ്ച രാത്രി വീട്ടില്‍ നിന്ന് ഇറങ്ങിയത്.
വീട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും രാത്രി കണ്ടെത്താനായില്ല. ബാങ്കില്‍ പത്രം ലഭിക്കാത്തതിനെ തുടര്‍ന്ന് ഇവിടെ നിന്നും വിളിക്കുകയും ഇതേ തുടര്‍ന്ന് ഉച്ചയ്ക്ക് 12ഓടെ ബാബുവിന്റെ ഭാര്യ അനിത പത്രവുമായി ബാങ്കിലേക്ക് പോകുന്ന വഴിയില്‍ നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്.
വിവരമറിഞ്ഞ് കൊട്ടിയം പോലീസും ഫോറന്‍സിക് സംഘവും തെളിവുകള്‍ ശേഖരിച്ച ശേഷം മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. നിവിന്‍ ബാബു, നിബി ബാബു എന്നിവര്‍ മക്കളാണ്. രണ്ടുപേരും കൊട്ടിയം ഹോളിക്രോസ് ആശുപത്രിയിലെ നേഴ്സുമാരാണ്.