ആറ്റിൽ നവീകരണം തുടരുന്പോൾ മാലിന്യങ്ങൾ കുന്നുകൂടുന്നു
1496054
Friday, January 17, 2025 6:11 AM IST
കൊട്ടിയം: കോടികൾ മുടക്കി നവീകരണ പ്രവർത്തനങ്ങൾ നടത്തിവരുന്ന ആറ്റിൽ മാലിന്യങ്ങൾ കുന്നുകൂടി കിടക്കുന്നു. പകർച്ചപ്പനിവ്യാപകമാകുന്ന പ്രദേശത്തിനടുത്തുള്ള ആറ്റിലാണ് മാലിന്യങ്ങൾ കുന്നുകൂടി കിടക്കുന്നത്.
സംസ്ഥാന ഹൈവേയിൽ അയത്തിൽ ബൈപ്പാസ് ജംഗ്ഷനിൽ കണ്ണനല്ലൂർ ഭാഗത്തേക്കുള്ള ബസ്റ്റോപ്പിന് അടുത്തുള്ള ആറ്റിലാണ് മാലിന്യങ്ങൾ കുന്നുകൂടി കിടക്കുന്നത്. കോടികൾ മുടക്കി ചൂരാംഗൽ ആറ്റിന്റെ നവീകരണ പ്രവർത്തനങ്ങൾ നടന്നുവരുന്പോഴാണ് പാലത്തിന് താഴെയായി ആറ്റിൽ മാലിന്യങ്ങൾ കൂടിവരുന്നത്.
ദേശീയപാതയുടെ പുനർനിർമാണ ഭാഗമായി മേൽപ്പാലത്തിന് പുതിയ തൂണുകൾ സ്ഥാപിക്കുന്നതിനായി ഒരു പാലം പൊളിച്ചു നീക്കിയിരുന്നു.
പാലം പൊളിച്ചുമാറ്റിയതോടെ ആറ്റിലെ വെള്ളമൊഴുക്ക് നിലച്ചു. ഇതോടെയാണ് പാലത്തിനു താഴെയായി മാലിന്യങ്ങൾ കുന്നുകൂടിയത്. കോർപ്പറേഷൻ ആരോഗ്യ വിഭാഗവും ഇറിഗേഷൻ വകുപ്പും മാലിന്യ കൂമ്പാരം കണ്ട മട്ടില്ല. കഴിഞ്ഞ കുറെ നാളുകളായി അയത്തിൽ ഭാഗത്ത് ഡെങ്കിപ്പനി പടർന്നു പിടിക്കുകയാണ്.
പകർച്ച വ്യാധി പടരുന്ന വേളയിലും മാലിന്യങ്ങൾ കുന്നു കൂടുന്നതിനെതിരേ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. ആറ്റിലെ മാലിന്യങ്ങൾ നീക്കം ചെയ്യാൻ നടപടിഉണ്ടായില്ലെങ്കിൽ സമരം തുടങ്ങുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകി.
ഈ ആവശ്യം ഉന്നയിച്ച് പൊതുപ്രവർത്തകനായ അയത്തിൽ നിസാം ജില്ലാ കളക്ടർക്കും ഇറിഗേഷൻ വകുപ്പ് അധികൃതർക്കും പരാതി നൽകി. ആറ്റിൽ മാലിന്യങ്ങൾ നിറഞ്ഞതോടെ പരിസരത്തെ കിണറുകളിലെ വെള്ളം മലിനമാകാൻ തുടങ്ങിയതായി അയത്തിൽ നിസാം ആരോപിച്ചു.