പോലീസിനു നേരെ മണ്ണെണ്ണ പ്രയോഗം നടത്തിയ പ്രതിയെ പിടികൂടി
1495775
Thursday, January 16, 2025 6:30 AM IST
അഞ്ചൽ: നാട്ടുകാര്‍ക്ക് പൊതുശല്യമായി മാറിയ ആളെ പിടികൂടാനെത്തിയ പോലീസിന് നേരെ മണ്ണെണ്ണ ഒഴിച്ചു രക്ഷപ്പെടാൻ ശ്രമം നടത്തിയ പ്രതിയെ പിടികൂടി. സ്ഥിരമായി മദ്യപിച്ചെത്തുകയും അസഭ്യം വിളിക്കുകയും ചെയ്യുന്നതിനെ ചോദ്യം ചെയ്ത നാട്ടുകാര്‍ക്കും അയല്‍വാസികള്‍ക്കും എതിരേ ആക്രമണം നടത്തിയതിനെ തുടർന്നാണ് അഞ്ചല്‍ വക്കംമുക്ക് സ്വദേശിയായ രാജുവിനെതിരെ പോലീസില്‍ പരാതി നല്‍കിയത്.
പരാതി അന്വേഷിക്കാനെത്തിയ അഞ്ചല്‍ എസ്ഐ പ്രജീഷ് കുമാറിനും സംഘത്തിനും നേരെയാണ് പ്രതി ആക്രമണം നടത്തിയത്. പോലീസ് സംഘത്തിന് നേരെ മണ്ണെണ്ണ ഒഴിച്ച് രക്ഷപ്പെടാൻ രാജു ശ്രമം നടത്തി.
കണ്ണിലും തലയിലും ഉള്‍പ്പടെ മണ്ണെണ്ണ വീണിട്ടും പോലീസ് പ്രതിയെ സാഹസികമായി പിടികൂടുകയായിരുന്നു. സ്റ്റേഷനിൽ എത്തിച്ച രാജുവിനെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ പുനലൂര്‍ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.