ഗോപന് സ്വാമിയുടെ സമാധി മണ്ഡപം ഇന്ന് പൊളിക്കും
1495769
Thursday, January 16, 2025 6:30 AM IST
നെയ്യാറ്റിന്‍കര : ഗോപന് സ്വാമിയുടെ വിവാദ സമാധി മണ്ഡപം ഇന്ന് പൊളിച്ച് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യും. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നുള്ള ഫോറന്‍സിക് വിദഗ്ധ സംഘം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് നേതൃത്വം നല്‍കും. റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ കനത്ത സുരക്ഷയിലായിരിക്കും പോസ്റ്റുമോര്‍ട്ടം നടപടികള്‍. സമാധി മണ്ഡപത്തിനു സമീപത്തായി തന്നെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായുള്ള താത്കാലിക സൗകര്യം ഒരുക്കും.
സമാധി മണ്ഡപം പൊളിക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ നടപടികള്‍ക്കെതിരെ ഗോപന് സ്വാമിയുടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചെങ്കിലും മരണ സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്കാനാവാഞ്ഞ സാഹചര്യം അവര്‍ക്ക് തന്നെ വിനയായി.
എന്തായാലും കോടതിയുടെ നിലപാട് അനുകൂലമായതോടെ ജില്ലാ ഭരണകൂടം സമാധി മണ്ഡപം പൊളിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ പ്രാവര്‍ത്തികമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. അതിയന്നൂർ കാവുവിളാകം ശ്രീ കൈലാസനാഥ മഹാദേവ ക്ഷേത്രത്തിലെ പൂജാരി ആറാലുംമൂട് സ്വദേശി ഗോപന്‍സ്വാമി (78) ഇക്കഴിഞ്ഞ ഒന്‍പതിന് സമാധിയായെന്നാണ് മക്കളുടെ വാദം.
ഗോപന് സ്വാമിയുടെ തിരോധാനം സംബന്ധിച്ച അയല്‍വാസി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് തുടര്‍നടപടികള്‍ക്ക് മുതിര്‍ന്നത്. ഗോപന് സ്വാമിയുടെ മരണം സ്വാഭാവികമായിരുന്നോ എന്നത് പോസ്റ്റുമോര്‍ട്ടത്തില്‍ തെളിയും.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ചായിരിക്കും പോലീസ് പിന്നീടുള്ള നടപടികളും തീരുമാനങ്ങളും കൈക്കൊള്ളുക. കഴിഞ്ഞ ദിവസങ്ങളില്‍ സമാധി മണ്ഡപം പൊളിക്കുന്നതുമായി ബന്ധപ്പെട്ട പ്രതിരോധക്കാരും പ്രതിഷേധക്കാരുമെല്ലാം കൂടി സംഘര്‍ഷാവസ്ഥ ഉണ്ടായ സ്ഥിതിഗതികള്‍ കണക്കിലെടുത്ത് ഇന്ന് സന്ദര്‍ശകര്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കാം.