ചിറയിൻകീഴിൽ പ്രേംനസീർ സ്മൃതി സായാഹ്നം ഫെബ്രുവരിയിൽ
1495376
Wednesday, January 15, 2025 6:26 AM IST
തിരുവനന്തപുരം: നിത്യഹരിത നായകൻ പ്രേംനസീറിന്റെ സ്മരണ പുതുക്കി ചിറയിൻകീഴ് പൗരാവലി സംഘടിപ്പിക്കുന്ന സ്മൃതി സായാഹ്നം ഫെബ്രുവരി രണ്ടാം വാരത്തിൽ നടത്താൻ തീരുമാനിച്ചു. പ്രേംനസീർ അനുസ്മരണ കമ്മിറ്റി യോഗമാണ് സ്മൃതി സായാഹ്നം നടത്താൻ തീരുമാനിച്ചത്.
അദ്ദേഹത്തിന്റെ ചരമവാർഷിക ദിനമായ വ്യാഴാഴ്ച രാവിലെ ശാർക്കര ജംഗ്ഷനിൽ അദ്ദേഹത്തിന്റെ ഛായചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും നടക്കും.
ഫെബ്രുവരിയിൽ നടക്കുന്ന പ്രേംനസീർ സ്മൃതി സായാഹ്നത്തിൽ വച്ചാണ് പ്രേംനസീർ പുരസ്കാരം വിതരണം ചെയ്യുന്നത്.
ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് ഏർപ്പെടുത്തിയിരിക്കുന്ന ഒരു ലക്ഷം രൂപയും ആർട്ടിസ്റ്റ് ബി.ഡി. ദത്തൻ രൂപകൽപ്പന ചെയ്ത ശിൽപ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പ്രേംനസീർ പുരസ്കാരം. സ്മൃതി സായാഹ്നത്തിന് മുന്നോടിയായുള്ള ആലോചന യോഗം വി.ശശി എംഎൽഎ ഉദ്ഘാടനം ചെയ്തു.
ആർ. സൂഭാഷ് അധ്യക്ഷത വഹിച്ചു. ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൾ വാഹിദ്, വൈസ് പ്രസിഡന്റ് സരിത, ബ്ലോക്ക് പഞ്ചായത്തംഗം പി.മണികണ്ഠൻ, മോനി ശാർക്കര അഡ്വ. എസ്.വി. അനിലാൽ, പുതുക്കരി പ്രസന്നൻ, അനൂപ്, മനോജ് ബി ഇടമന, ജി. വ്യാസൻ, എന്നിവർ പങ്കെടുത്തു. അനുസ്മരണ കമ്മിറ്റി ഭാരവാഹികളായി ആർ. സുഭാഷ് (ചെയർമാൻ) അഡ്വ. എസ്.വി. അനിലാൽ (ജനറൽ കണ്‍വീനർ) എന്നിവരെ തെരഞ്ഞെടുത്തു.