കൊല്ലം റെയിൽവേ സ്റ്റേഷൻ നവീകരണം 2026 -ൽ പൂർത്തിയാകും: എൻ.കെ.പ്രേമചന്ദ്രൻ
1495770
Thursday, January 16, 2025 6:30 AM IST
കൊല്ലം: കൊല്ലം റെയില്‍വേ സ്റ്റേഷന് അന്താരാഷ്ട്ര നിലവാരത്തിലുളള റെയില്‍വേ സ്റ്റേഷനായി ഉയര്‍ത്തുന്ന നിര്‍മാണ പ്രവൃത്തികള്‍ 2026 ജനുവരിയില്‍ പൂര്‍ത്തിയാക്കുമെന്ന് എന്‍.കെ. പ്രേമചന്ദ്രന് എംപി അറിയിച്ചു.
361 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ദക്ഷിണ റെയില്‍വേ കണ്‍സ്ട്രക്ഷന്‍ വിഭാഗം മേധാവി ഉള്‍പ്പെടെ പങ്കെടുത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിനുശേഷമാണ് എന്‍.കെ. പ്രേമചന്ദ്രന് ഇക്കാര്യം അറിയിച്ചത്. 50 ശതമാനം പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാൻ 50 ശതമാനത്തോളം തുക ചെലവിടുകയും ചെയ്തു.
ഓപ്പണ്‍ പാര്‍ക്കിംഗ് ഏരിയയില്‍ നിന്ന് പുതിയതായി നിര്‍മിച്ച ബഹുനില പാര്‍ക്കിംഗ് സമുച്ചയത്തിലേയ്ക്ക് യാത്രക്കാര്‍ക്ക് എത്തിച്ചേരുന്നതിന് ദേശീയപാതയില്‍ അടിപ്പാത നിര്‍മിക്കണമെന്ന എംപിയുടെ നിര്‍ദേശത്തിന് റെയില്‍വേയുടെ അംഗീകാരം ലഭിച്ചു. ദേശീയപാത അഥോറിറ്റിയുടെ അനുവാദം ലഭിക്കുന്ന മുറയ്ക്ക് അടിപ്പാതയുടെ നിര്‍മാണം ആരംഭിക്കുമെന്ന് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു.
മെമു ഷെഡിന്റെ നിര്‍മാണം 2025 ജൂലൈയില്‍ പൂര്‍ത്തീകരിക്കും. എസ്എസ്ഇ ബില്‍ഡിംഗും, ന്യു ഗാംഗ് റസ്റ്റ് റൂം, കണ്‍സ്ട്രക്ഷന്‍സ് സര്‍വീസ് ബില്‍ഡിംഗ് എന്നിവയുടെ പണി പൂര്‍ത്തിയാക്കി തിരുവനന്തപുരം ഡിവിഷണല്‍ റെയില്‍വേയ്ക്ക് കൈമാറിയിട്ടുണ്ട്.
പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന 18 ഓളം ഓഫീസുകളാണ് എസ്എസ്ഇ ബില്‍ഡിംഗില്‍ മാറ്റി പ്രവര്‍ത്തിക്കുന്നത്. പഴയ റെയില്‍വേ കെട്ടിടത്തിലെ ഓഫീസുകള്‍ പൂര്‍ണമായി ഒഴിപ്പിച്ചു.
നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് എയര്‍ കോണ്‍കോഴ്സ്. 36 മീറ്റര്‍ വീതിയില്‍ തെക്കും വടക്കുമുളള രണ്ട് ടെര്‍മിനലുകളെ ബന്ധിപ്പിക്കുന്നതാണ് കോണ്‍കോഴ്സ്. യാത്രക്കാര്‍ക്കുളള റസ്റ്റാറന്റുകള്‍, ഷോപ്പിംഗ് കോംപ്ലക്സ്, വിശ്രമ കേന്ദ്രം തുടങ്ങി വിമാനത്താവളത്തിന് സമാനമായ സൗകര്യങ്ങളാണ് കോണ്‍കോഴ്സില്‍ ഒരുക്കുന്നത്. ഇതിലേക്കുള്ള പൈലിംഗ് കോളമുള്‍പ്പെടെ പൂര്‍ത്തീകരിച്ചു.
സൂപ്പര്‍ സ്ട്രക്ചര്‍ നിര്‍മാണത്തിനുളള ഫാബ്രിക്കേഷന്‍ വിവിധ ഘട്ടങ്ങളില്‍ പുരോഗമിക്കുകയാണ്. സബ് സ്റ്റേഷന് ബില്‍ഡിംഗ് നിര്‍മാണം 60 ശതമാനത്തിലേറെ പൂർത്തീകരിച്ചു. എംഎൽസിപി ഫേസ് 1 നിര്‍മാണം 83ശതമാനവും പാര്‍സല്‍ ബില്‍ഡിംഗ് 65ശതമാനവും നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്.
ഫേസ് രണ്ട്, മൂന്നിന്റെ നിര്‍മാണം ആരംഭിക്കുന്നതിനായി കൊല്ലം റെയില്‍വേ സ്റ്റേഷന്റെ പ്രധാന കെട്ടിടം ഇന്ന് മുതല്‍ പൊളിച്ചു തുടങ്ങും. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍ ദേശീയപാത മുതല്‍ പ്ലാറ്റ്ഫോം വരെ റൂഫിംഗ് ഓടുകൂടിയ പുതിയ താല്‍ക്കാലിക പ്രവേശന സൗകര്യം എംപി ഉദ്ഘാടനം ചെയ്തു.
പ്രതിദിനം ആയിരത്തോളം തൊഴിലാളികള്‍ പണിയെടുക്കുന്ന വലിയ നിര്‍മാണ പ്രവര്‍ത്തനം ലക്ഷ്യമിട്ട വേഗതയില്‍ യാത്രക്കാര്‍ക്കോ തൊഴിലാളികള്‍ക്കോ യാതൊരുവിധ അപകടവും ഉണ്ടാകാതെ അത്യധികം ശ്രദ്ധയോടെ ആധുനിക സുരക്ഷാസംവിധാനങ്ങള്‍ എല്ലാം ഏര്‍പ്പെടുത്തി നടപ്പാക്കുന്ന റെയില്‍വേ ഉദ്യോഗസ്ഥരേയും കരാറുകാരെയും എംപി അഭിനന്ദിച്ചു.
പുതിയ പാര്‍ക്കിംഗ് സമുച്ചയം യാത്രക്കാര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്നവിധത്തിൽ എല്ലാ നടപടികളും മൂന്ന് മാസത്തിനുളളില്‍ പൂര്‍ത്തിയാക്കും. കൂടുതല്‍ കാര്‍ പാര്‍ക്കിംഗ് ആവശ്യമാണെങ്കില്‍ അത്യാധുനിക ലിഫ്റ്റ് സംവിധാനത്തിലൂടെ പാര്‍ക്കിംഗ് സൗകര്യം വര്‍ധിപ്പിക്കാനുളള അടിസ്ഥാന നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തീയാക്കിയിട്ടുണ്ട്.
വിവിധ ഘട്ടങ്ങളിലായി നിശ്ചിത സമയത്തിനുളളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനുളള മാസ്റ്റര്‍ പ്ലാനിന്റെ അടിസ്ഥാനത്തില്‍ നിര്‍മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നതായി യോഗം വിലയിരുത്തി.
എന്‍. കെ. പ്രേമചന്ദ്രന് എംപി വിളിച്ച ചേര്‍ത്ത യോഗത്തില്‍ ദക്ഷിണ റെയില്‍വേയുടെ നിര്‍മാണ വിഭാഗം മേധാവി ഷാജി സക്കറിയ, എറണാകുളം കണ്‍സ്ട്രക്ഷന്‍ വിഭാഗം ചീഫ് എന്‍ജിനീയര്‍ മുരാരിലാല്‍, തിരുവനന്തപുരം കണ്‍സ്ട്രക്ഷന്‍ വിഭാഗം ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ എസ്. ചന്ദ്രുപ്രകാശ്, ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ഷണ്മുഖം, റോഡ് സേഫ്ടി പ്രോജക്ട് ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ചെന്നൈ ആര്.കെ. കണ്ണന് തുടങ്ങി ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.