വൈവിധ്യമുള്ള യാത്രയുമായി കെഎസ്ആര്‍ടിസി
1495766
Thursday, January 16, 2025 6:19 AM IST
കൊല്ലം: ജില്ലയിലെ കിഴക്കന്‍ മലയോര മേഖലയില്‍ നിന്ന് വൈവിധ്യമാര്‍ന്ന യാത്രാ പാക്കേജുകളുമായി കുളത്തൂപ്പുഴ കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം. 16ന് ഗവിയിലേക്കും 19 ന് രാവിലെ അഞ്ചിന് ആദ്യത്തെ അന്തര്‍ സംസ്ഥാന ബജറ്റ് ടൂറിസം യാത്ര കന്യാകുമാരിയിലേക്കും പുറപ്പെടും.
തൃപ്പരപ്പ് വെള്ളച്ചാട്ടം, തക്കല പദ്മനാഭപുരം കൊട്ടാരം എന്നിവ കന്യാകുമാരി യാത്രയില്‍ ഉള്‍പ്പെടും. 19, 21, 23 തീയതികളില്‍ ആലുവ തിരുവൈരാണിക്കുളം നടതുറപ്പ് പ്രമാണിച്ച് സംഘടിപ്പിക്കുന്ന തീര്‍ഥാടനത്തില്‍ കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം, ഏറ്റുമാനൂര്‍, വൈക്കം, കടുത്തുരുത്തി മഹാക്ഷേത്രങ്ങള്‍ തുടങ്ങിയവ ഉച്ച പൂജക്ക് മുമ്പ് തൊഴുത് തിരുവൈരാണിക്കുളം ക്ഷേത്രദര്‍ശനം നടത്തി ഡിപ്പോയില്‍ മടങ്ങിയെത്തും.
25 ന് വാഗമണ്‍ പരുന്തുംപാറ യാത്രയും തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തീരദേശങ്ങള്‍, ചരിത്ര സ്മാരകങ്ങളായ കോട്ടകള്‍ എന്നിവ സന്ദര്‍ശിക്കുന്ന ഫോര്‍ട്ട് ആന്‍ഡ് ബീച്ച് വൈബ്സ് എന്ന യാത്രയും 26 ന് കോട്ടയം ഇടുക്കി ജില്ലാ അതിര്‍ത്തിയില്‍ ഇല്ലിക്കല്‍ കല്ല് ഇലവീഴാപൂഞ്ചിറ യാത്രയും സംഘടിപ്പിക്കും. ബുക്കിംഗിനും അന്വേഷണങ്ങള്‍ക്കും 8129580903, 0475-2318777 നമ്പറുകളില്‍ ബന്ധപ്പെടാം.