ദൈവഭക്തിയിലൂടെ പ്രകൃതിയെ സംരക്ഷിക്കാം എൻ.കെ.പ്രേമചന്ദ്രൻ
1495763
Thursday, January 16, 2025 6:19 AM IST
കൊല്ലം: ദൈവഭക്തിയിലൂടെ മാത്രമേ പ്രകൃതിയെ സംരക്ഷിക്കാൻ കഴിയൂവെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി. നാമഹേതുക തിരുനാളും ജന്മദിനവും ആഘോഷിക്കുന്ന കൊല്ലം ബിഷപ് ഡോ.പോൾ ആന്റണി മുല്ലശേരിക്ക് കൊല്ലം ബിഷപ്ഹൗസിൽ ആശംസ നേർന്ന് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ദൈനംദിന പ്രാർഥനകളിൽ നമ്മുടെ ഉയർച്ചയ്ക്ക് വേണ്ടി പ്രാർഥിക്കുമ്പോൾ പ്രകൃതിക്ക് വേണ്ടി കൂടി പ്രാർഥിക്കണമെന്ന് എംപി പറഞ്ഞു.
കടൽ ഖനനം വളരെ ഗൗരവമുള്ള പരിസ്ഥിതി വിഷയമാണെന്നും കടലും കായലും പുഴയുമെല്ലാം ദൈവത്തിന്റെ സൃഷ്ടിയാണെന്നും ഇവ സംരക്ഷിക്കേണ്ട ബാധ്യത നമുക്കുണ്ടെന്നും കൊല്ലം ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി പറഞ്ഞു. സജി പരിശവിള അധ്യക്ഷത വഹിച്ചു.
കൊല്ലം രൂപത പൊക്യുറേറ്റർ ഫാ. ജോളി ഏബ്രഹാം, കേരള സൗഹൃദ വേദി സംസ്ഥാന ജനറൽ സെക്രട്ടറി സാബു ബെനഡിക്ട്, ഗാന്ധി ഫീസ് ഫൗണ്ടേഷൻ സംസ്ഥാന ചെയർമാൻ എസ്. പ്രദീപ്കുമാർ, സാമൂഹിക പ്രവർത്തകരായ ആർ. പ്രകാശൻ പിള്ള, പ്രമോദ് കണ്ണൻ എന്നിവർ പ്രസംഗിച്ചു.