വെട്ടിക്കവല ബ്ലോക്കിൽ ‘നാദം പദ്ധതി ‘ ഉദ്ഘാടനം ചെയ്തു
1496052
Friday, January 17, 2025 6:00 AM IST
കൊട്ടാരക്കര: വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തിൽ പട്ടികജാതി വിഭാഗങ്ങൾക്ക് വാദ്യോപകരണങ്ങൾ നൽകുന്ന നാദം പദ്ധതി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ പട്ടികജാതി വിഭാഗങ്ങൾക്കായി ഉൾപ്പെടുത്തിയ നൂതന പദ്ധതിയാണ് "നാദം പദ്ധതി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രഞ്ജിത് അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് ദിവ്യാ ചന്ദ്രശേഖർ,വെട്ടിക്കവല പഞ്ചായത്ത് പ്രസിഡന്റ് തലച്ചിറ അസീസ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ബെൻസി റെജി, സിനി ജോസ്, എ.അജി, ബ്ലോക്ക് അംഗങ്ങളായ കെ. ഹർഷകുമാർ, എൻ. മോഹനൻ, ഒ. ബിന്ദു, എസ്. അനിൽകുമാർ, അഡ്വ. ബെച്ചി. ബി. മലയിൽ, ഗിരിജാരാജ്, കെ.എം. റെജി, വിനോദിനി, അനു വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.
പദ്ധതി അടങ്കൽ തുക 14 ലക്ഷം രൂപയാണ്. ഒരു ഗ്രൂപ്പിന് ഒരു ലക്ഷം രൂപയുടെ വാദ്യോപകരണങ്ങൾ നൽകി. ചെണ്ട, വീക്ക് ചെണ്ട, ഒരു ഇലത്താളം, 10 ചെണ്ടക്കോൽ തുടങ്ങിയവയാണ് ഒരു ഗ്രൂപ്പിന് നൽകിയത്. പട്ടികജാതി കലാകാരന്മാരുടെ രജിസ്റ്റർ ചെയ്ത 14 ഗ്രൂപ്പുകൾക്കാണ് അനുകൂല്യങ്ങൾ നല്‍കിയത്.
കലാകാരന്മാരുടെ മെഗാ ഗ്രൂപ്പ് ചെണ്ടമേളം, നാടൻ പാട്ടുകൾ, കമ്പടികളി എന്നിവയും ഉണ്ടായിരുന്നു.