അമ്പലത്തിൻകാല അശോകൻ വധക്കേസ് : അഞ്ചു പ്രതികൾക്ക് ഇരട്ട ജീവപര്യന്തം
1495759
Thursday, January 16, 2025 6:19 AM IST
കാട്ടാക്കട: കാട്ടാക്കട അമ്പലത്തിൻകാല അശോകൻ വധക്കേസിൽ അഞ്ച് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം. മൂന്ന് പ്രതികളെ ജീവപര്യന്തം തടവിനും കോടതി ശിക്ഷിച്ചു. എട്ട് പ്രതികൾക്കും അയ്യായിരം രൂപവീതം പിഴയും കോടതി ചുമത്തി. തിരുവനന്തപുരം സെഷൻസ് കോടതിയുടേതാണ് വിധി.
കൊലപാതകത്തിൽ നേരിട്ട് പങ്കാളികളായ ഒന്നു മുതൽ അഞ്ചുവരെ പ്രതികളായ ശംഭു, ശ്രീജിത്ത്, ചന്ദ്രമോഹൻ, സന്തോഷ്, ഹരി എന്നിവർക്കാണ് ഇരട്ട ജീവപര്യന്തം.
കൊലപാതകത്തിനും ഗൂഢാലോചനയ്ക്കുമാണ് ശിക്ഷ. ഗൂഢാലോചന നടത്തിയ ഏഴാംപ്രതി സന്തോഷ്, പത്താം പ്രതി പ്രശാന്ത്, പന്ത്രണ്ടാം പ്രതി സജീവ് എന്നിവർക്കാണ് ജീവപര്യന്തം. സിപിഎം പ്രവർത്തകനായ അശോകൻ 2013 മേയിലാണ് ആലങ്കോട് ജംക്ഷനിൽ കൊല്ലപ്പെട്ടത്.
ഒന്നാം പ്രതി ശംഭുവിന്റെ പലിശക്കച്ചവടവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് കാരണം. ആർഎസ്എസ് മണ്ഡലം കാര്യവാഹകായിരുന്ന രാജഗോപാൽ പ്രതിയായിരുന്നെങ്കിലും കുറ്റവിമുക്തനാക്കപ്പെട്ടു.
പലിശയ്ക്കു പണം നൽകുന്ന ആർഎസ്എസ് മുഖ്യശിക്ഷക് ശംഭുവിൽ നിന്നും 10000 രൂപ പലിശക്ക് വാങ്ങിയ ബിനു എന്ന ചെറുപ്പക്കാരൻ മുതലും പലിശയുമടക്കം 15000 രൂപ കൊടുത്തിട്ടും വീണ്ടും പണം ആവശ്യപ്പെട്ട് ബിനുവിനെ തടഞ്ഞ് നിർത്തി ക്രൂരമായി മർദിക്കുകയും സ്കൂട്ടർ പിടിച്ചു വാങ്ങുകയും ചെയ്തത് കണ്ട് അത് ചോദ്യം ചെയ്തതാണ് അശോകനെ കൊലപ്പെടുത്താനുള്ള കാരണം.
വീട്ടിലിരിക്കുകയായിരുന്ന അശോകനെ സംസാരിക്കാനെന്ന പേരിൽ ആലംകോട് ജംഗ്ഷനിൽ വിളിച്ചു വരുത്തിയ ശേഷം നാട്ടുകാർ നോക്കിനിൽക്കേ സംഘം ചേർന്ന് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിനു ശേഷം തമിഴ്നാട്ടിലേക്ക് കടന്ന പ്രതികൾ അവിടെ ഒളിവിൽ കഴിയുകയായിരുന്നു.
പ്രതികൾക്ക് ശിക്ഷ ലഭിച്ചതിൽ സന്തോഷമെന്ന് പ്രദേശവാസികൾ
കാട്ടാക്കട: നാടിനെ നടുക്കിയ സിപിഎം പ്രവർത്തകനായ അമ്പലത്തിൻകാല ശ്രീകുമാറിനെ (അശോകൻ) കൊല ചെയ്ത കേസിലെ പ്രതികൾക്ക് ശിക്ഷ ലഭിച്ചതിൽ സന്തോഷമർപ്പിച്ച് നാട്ടുകാർ.
പത്ത് വർഷത്തോളം നീണ്ട നിയമ യുദ്ധത്തിനൊടുവിലാണ് തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതി ഇന്നലെ വിധി പറഞ്ഞത്. 2013 മേയ് അഞ്ചിന് വൈകുന്നേരം ആറരയോടെയാണ് ഇരുപതോളം പേരുൾപ്പെട്ട സംഘം രണ്ടും മൂന്നും സംഘങ്ങളായി തിരിഞ്ഞു അശോകനെ വീട്ടിൽ നിന്നു വിളിച്ചിറക്കി ജംഗ്ഷനിൽ എത്തിച്ച് വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്.
പത്തൊൻപതു പ്രതികൾ ഉള്ള കേസിൽ എട്ടാം പ്രതി ശ്രീകാന്ത് ഒൻപതാം പ്രതി കൊച്ചു എന്ന സുരേഷ് എന്നിവർ മാപ്പുസാക്ഷികളാവുകയും ആക്കോടൻ സജു എന്ന ആൾ ആത്മഹത്യ ചെയ്യുകയും ചെയ്തു. ആർഎസ്എസ് മണ്ഡലം കാര്യവാഹക് ആയിരുന്ന രാജഗോപാൽ മുഖ്യ ശിക്ഷക് ശംഭു എന്നിവരുടെ ബ്ലേഡ് മാഫിയ ഇടപാടുകളെ തുടർന്നുള്ള വിഷയമാണ് സംഭവത്തിൽ കലാശിച്ചത്.
കൊലയാളികൾക്ക് പരമാവധി ശിക്ഷ നൽകിയതിൽ സന്തോഷം : സഹോദരി
കാട്ടാക്കട: അശോകൻ എന്ന ശ്രീകുമാറിനെ കൊലപ്പെടുത്തിയ കേസിൽ എട്ട് പ്രതികൾക്ക ജീവപര്യന്തം കിട്ടിയതിൽ ആശ്വാസമുണ്ടെങ്കിലും കൊലപാതകത്തിന് നേതൃത്വം നൽകിയ ആർഎസ്എസ് മണ്ഡൽ കാര്യവാഹക് രാജഗോപാൽ ഉൾപ്പെടെയുള്ള എട്ട് പ്രതികളെ കുറ്റവിമുക്തമാക്കിയതിൽ മനോവിഷമം ഉണ്ടെന്ന് അശോകന്റെ സഹോദരി അനസൂയ പ്രതികരിച്ചു.
കുറ്റക്കാരായി കോടതി കണ്ടെത്തിയ പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചതും അത് കിട്ടുകയും ചെയ്തു. കോടതി കുറ്റവിമുക്തരാക്കിയ പ്രതികൾക്കെതിരെ നിയമപോരാട്ടം തുടരുന്നത് നിയമവിദഗ്ദ്ധരുമായും പാർട്ടി നേതൃത്വവുമായും ആലോചിച്ച് തീരുമാനിക്കും.
കേസിലെ പ്രതികളെ സഹായിക്കുന്ന നിലപാടാണ് പോലീസ് നടത്തിയത്. പ്രതികളിൽ നിന്നും ആനുകൂല്യങ്ങൾ കൈപ്പറ്റിയ അന്ന് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർ ദൃക്സാക്ഷികളായവരെപ്പോലും സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്താൻ തയാറായിരുന്നില്ലെന്നും അവർ പറഞ്ഞു.