വിജയ ഘോഷയാത്രയുമായി മോഡൽ റസിഡൻഷ്യൽ സ്കൂൾ വിദ്യാർഥികൾ
1496045
Friday, January 17, 2025 6:00 AM IST
കുളത്തൂപ്പുഴ: ചോഴിയക്കോട് അരിപ്പ മോഡൽ റസിഡൻഷ്യൽ സ്കൂൾ സംസ്ഥാന തല സ്കൂൾ കായിക മേളയിലും കലാമേളയിലും പങ്കെടുത്ത് മികച്ച വിജയം കരസ്ഥമാക്കിയ സ്കൂൾ വിദ്യാർഥികൾക്ക് അനുമോദനവും സ്വീകരണവും നൽകി.
സ്കൂളിന്റെ നേതൃത്വത്തിൽ വിജയ ഘോഷയാത്ര സംഘടിപ്പിച്ചു. പട്ടിക വർഗ വികസന വകുപ്പിന് കീഴിൽ അരിപ്പയിൽ പ്രവർത്തിക്കുന്ന മോഡൽ റസിസഷ്യൽ സ്കൂളിലെ മുഴുവൻ വിദ്യാർഥികളും അധ്യാപകരും ജീവനക്കാരും പിടിഎ ഭാരവാഹികളും പങ്കെടുത്ത ഘോഷയാത്ര സ്കൂൾ സീനിയർ സൂപ്രണ്ട് വി. സുരേഷ്കുമാർ ഫ്ലാഗ് ഓഫ് ചെയ്തു.
സംസ്ഥാന കലോത്സവത്തിൽ ഇരുള നൃത്ത വിഭാഗത്തിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ എ ഗ്രേഡ് നേടിയ കുട്ടികളെയും സംസ്ഥാന കായിക മേളയിൽ 100 മീറ്റർ ഓട്ടത്തിലും ഹൈ ജംമ്പിലും മിന്നും പ്രകടനം നടത്തിയവരെയും ജില്ലാ ഫുട്ബോൾ ടീമിൽ സെലക്ഷൻ നേടിയവരെയും വകുപ്പുതലത്തിൽ സംഘടിപ്പിച്ച ' സർഗോത്സവം', 'കളിക്കളം' തുടങ്ങിയ കലാ-കായിക മേളകളിലെ മികച്ച മത്സരാർഥികളെയും അഭിനന്ദിച്ചു.
സ്കൂളിൽ നിന്നാരംഭിച്ച് ചോഴിയക്കോട് ജംഗ്ഷനിലെത്തിയ ഘോഷയാത്രയിൽ കലോത്സവത്തിലെ ശ്രദ്ധേയ ഇനമായിരുന്ന ഇരുള നൃത്തം കുട്ടികൾ ടൗണിൽ അവതരിപ്പിച്ചു. പ്രഥമാധ്യാപിക സി. ഗിരിജ, സ്റ്റാഫ് സെക്രട്ടറി സ്മിത. ബി. ദാസ്, പിടിഎ പ്രിസിഡന്റ് എ.അരുണിമ, വൈസ് പ്രസിഡന്റ് എസ്. ആര്യ, എംപിടിഎ പ്രസിഡന്റ് ആർ. പ്രീതകുമാരി, അധ്യാപകർ എന്നിവർ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി.