ബിൽ പിൻവലിച്ചാൽ കർഷക ദുരിതം തീരില്ല: കർഷക കോൺഗ്രസ്
1495764
Thursday, January 16, 2025 6:19 AM IST
അഞ്ചൽ: വനനിയമ ഭേദഗതി ബിൽ സർക്കാർ പിൻവലിച്ചതുകൊണ്ട് കർഷകരുടെ ദുരിതങ്ങൾക്ക് പരിഹാരമാവില്ലെന്ന് കർഷക കോൺഗ്രസ്.
കാട്ടാന ഉൾപ്പടെയുള്ള വന്യജീവികളുടെ കടന്നുകയറ്റം മൂലം ദുരിതമനുഭവിക്കുന്ന മലയോര മേഖലയിലെ കർഷക സമൂഹത്തിന് അവന്റെ ജീവനും സ്വത്തിനും സ്ഥായിയായ സംരക്ഷണം നൽകാൻ സർക്കാർ ഇടപെടണമെന്ന് കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വിളക്കുപാറ ഡാനിയേൽ ആവശ്യപ്പെട്ടു.
പന്നി. കാട്ടുപോത്ത്, തുടങ്ങിയ വന്യജീവികളുടെ ആക്രമണം ഭയന്ന് മലയോര ജനത കൃഷിയിടങ്ങളിൽ പോലും പോകാൻ കഴിയാത്ത സാഹചര്യമാണ് നിലവിൽ. തൊഴിലാളികൾ ടാപ്പിംഗ് നിർത്തിവച്ചതു മൂലം ഉത്പാദനത്തിൽ ഗണ്യമായ കുറവ് കർഷകർ നേരിടുന്നു.
കാർഷിക വിളകൾ മുഴുവൻ കാട്ടുമൃഗങ്ങൾ നശിപ്പിക്കുന്നു. നാട്ടിലിറങ്ങി കൃഷിയും മനുഷ്യനേയും നശിപ്പിക്കുന്ന കാട്ടുമൃഗങ്ങളെ കൊല്ലാൻ കർഷകർക്ക് അനുവാദം നൽകണം. മലയോര കർഷകർ നേരിടുന്ന വിവിധ വിഷയങ്ങൾക്കു് പരിഹാരം തേടി യുഡിഎഫ് നടത്തുന്ന മലയോര മാർച്ചിന് കർഷക കോൺഗ്രസിന്റെ മുഴുവൻ പിന്തുണയും ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.