വെന്റിലേറ്ററിൽ കിടന്ന സഫാന്‍ രക്ഷകനായി എം.എ. യൂസഫലി
1496048
Friday, January 17, 2025 6:00 AM IST
കൊല്ലം: വെന്റിലേറ്ററിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞ പതിനാലുകാരന്റെ ജീവിതത്തിൽ പുതുവെളിച്ചമേകി എം.എ യൂസഫലി. കൊല്ലം മെഡിസിറ്റി ആശുപത്രിയിൽ അത്യാസന്ന നിലയിൽ ചികിത്സയിലായിരുന്ന കൊല്ലം കരിക്കോട് ഒറ്റപ്ളാവില വീട്ടിൽ മുഹമ്മദ് സഫാന്റെ ചികിത്സയ്ക്ക് സഹായം നൽകിയാണ് എം.എ യൂസഫലി കുടുംബത്തിന് രക്ഷകനായി മാറിയത്.
സഫാന്റെ ചികിത്സയ്ക്ക് വേണ്ട മുഴുവൻ ചെലവും യൂസഫലി നൽകി. കൊല്ലം മെഡിസിറ്റി ആശുപത്രിയിൽ ഗുരുതരമായ അവസ്ഥയിൽ വെന്റിലേറ്ററിൽ തുടർന്ന മുഹമ്മദ് സഫാന്റെ ചികിത്സയ്ക്ക് പണമില്ലാതെ നെട്ടോട്ടമോടുകയായിരുന്നു.
ചികിത്സയ്ക്കായി പല വാതിലുകളും മുട്ടിയെങ്കിലും ആരിൽ നിന്നും സഹായം ലഭിച്ചില്ല. ഈ അവസരത്തിലാണ് ആശുപത്രിയിലേക്ക് എം.എ. യൂസഫലി എത്തുന്നത്. അസുഖബാധിതയായി ആശുപത്രിയിൽ കഴിയുന്ന ലുലുവിലെ ജീവനക്കാരന്റെ അമ്മയെ സന്ദർശിക്കാനാണ് എം.എ. യൂസഫലി എത്തിയത്.
അമ്മയുടെ അപേക്ഷ കേട്ട അദ്ദേഹം കാര്യം തിരക്കുകയായിരുന്നു. വാടകവീട്ടിൽ ദുരിതത്തിൽ കഴിയുമ്പോഴാണ് മകന് അസുഖം മൂർച്ഛിക്കുന്നത്. സ്വന്തമായി വീടില്ലാത്ത കുടുംബത്തിന്റെ നിസഹായവസ്ഥ അദ്ദേഹം കേട്ടു. സഫാന്റെ തുടർന്നുള്ള ചികിത്സയ്ക്ക് 25 ലക്ഷത്തോളം ആവശ്യമാണെന്നും തങ്ങൾക്ക് യാതൊരു നിവൃത്തിയില്ലെന്നും കുടുംബം കണ്ണീരോടെ പറഞ്ഞു.
സഫാന്റെ തുടർ ചികിത്സ താൻ നടത്തുമെന്ന് എം.എ യൂസഫലി ഉറപ്പ് നൽകി. തുടർന്നുള്ള ചികിത്സ വേഗത്തിലായി. രോഗത്തിൽ നിന്ന് പൂർണ മുക്തിനേടി വീട്ടിലെത്തി.