ശക്തികുളങ്ങര ഫിഷിംഗ് ഹാർബറിൽ ഗതാഗതം സുഗമമാക്കും
1495368
Wednesday, January 15, 2025 6:19 AM IST
കൊല്ലം: ശക്തികുളങ്ങര ഫിഷിംഗ് ഹാർബറിൽ വാഹന ഗതാഗതം സുഗമമാക്കുന്നതിനും ഹാർബർ വികസനത്തിൽ ദേശീയപാതയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലും സത്വര നടപടികൾ സ്വീകരിക്കുമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി അറിയിച്ചു. വിവിധ വകുപ്പുകളുടെ ഉന്നത തല ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷമാണ് വിവരം അറിയിച്ചത്.
ഹാർബറിലേക്ക് വാഹനങ്ങൾ വരുന്നതും ഹാർബറിൽ നിന്നു പോകുന്നതിനുമായി പ്രത്യേക സൗകര്യമൊരുക്കും. നിലവിൽ പ്രദേശവാസികൾ ഉപയോഗിക്കുന്ന റോഡിനോ വാഹന ഗതാഗതത്തിനോ ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധം ഹാർബറിലേക്കുള്ള വാഹന ഗതാഗതത്തിന് പ്രത്യേക സൗകര്യമൊരുക്കുന്നതിനുളള നിർദേശമാണ് യോഗം ചർച്ച ചെയ്തത്.
ദേശീയപാതയിലൂടെ ഹാർബറിൽ എത്തുന്ന ഏറ്റവും നീളവും വീതിയും പൊക്കവും കൂടിയ വാഹനങ്ങൾക്ക് വരെ ഹാർബറിൽ എത്തി ചേരുവാനും പുറത്തു പോകാനുള്ള സൗകര്യം ഒരുക്കണമെന്ന നിർദേശം നടപ്പാക്കാനുള്ള സംയുക്ത പരിശോധന അടുത്ത ദിവസം ദേശീയപാത അതോറിറ്റി ഹാർബർ എൻജിനീയറിംഗ് വകുപ്പുകളുടെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടക്കും.
ഹാർബറിൽ നിന്ന് നേരിട്ട് ഇരുവശങ്ങളിലുമുള്ള സർവീസ് റോഡുകളിൽ പ്രവേശിക്കാൻ നിലവിലെ പഴയ പാലത്തിന്റെ ഒരു ഭാഗം പൊളിച്ചു മാറ്റി സൗകര്യമൊരുക്കാൻ കഴിയുമോ എന്നത് സംബന്ധിച്ച് ദേശീയപാത അതോറിറ്റി പരിശോധന നടത്തും. ഹാർബർ എൻജിനീയറിംഗ് വകുപ്പിന്റെ നിലവിലുള്ള പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ സംബന്ധിച്ച അന്തിമ രൂപം നൽകുന്നതിന് മുമ്പ് പദ്ധതി പ്രദേശം ദേശീയപാത അതോറ്റിറ്റി ഹാർബർ എൻജിനീയറിംഗ് വകുപ്പ് ഫിഷറീസ് വകുപ്പ് തുടങ്ങി ബന്ധപ്പെട്ട വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി അന്തിമ രൂപം നൽകും.
യോഗത്തിൽ എൻ.കെ. പ്രേമചന്ദ്രൻ എംപി പ്രോജക്ട് ഡയറക്ടർ വിപിൻ മധു, ഹാർബർ എൻജിനീയറിംഗ് എക്സിക്യൂട്ടീവ് എൻജിനീയർമായ ബി.എസ്. ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ രമേശ് ശശിധരൻ, പിഡബ്ലുഡി എൻഎച്ച് ഡിവിഷൻ ഡെപ്യൂട്ടി ചീഫ് എൻജിനീയർ ജി.എസ്. പ്രീത, പിഡബ്ല്യുഡി റോഡ്സ് വിഭാഗം എൻജിനീയർ പ്രബിഷ,
എൻഎച്ച്എ ഐ റീജിയണൽ എൻജിനീയർ ബി. പ്രബിന്ദ്, സൈറ്റ് എൻജിനീയർ സിറിൾ മൈക്കിൾ, എജിഎം അനിൽകുമാർ തുടങ്ങി ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.