ഗോപന് സ്വാമി സമാധി വിവാദം: മണ്ഡപം പൊളിക്കുന്ന തീയതിയില്‍ ഇന്ന് തീരുമാനത്തിന് സാധ്യത
1495370
Wednesday, January 15, 2025 6:26 AM IST
നെയ്യാറ്റിന്‍കര : അതിയന്നൂർ കാവുവിളാകം ശ്രീ കൈലാസനാഥ മഹാദേവ ക്ഷേത്രത്തിലെ പൂജാരി ആറാലുംമൂട് സ്വദേശി ഗോപന്‍സ്വാമിയുടെ സമാധി മണ്ഡപം പൊളിച്ച് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതു സംബന്ധിച്ച തീയതിയില്‍ ഇന്ന് തീരുമാനമുണ്ടായേക്കാം. അതേ സമയം, സമാധി മണ്ഡപം പൊളിക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെയും പോലീസിന്റെയും നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് ഗോപന് സ്വാമിയുടെ മക്കളുടെ നീക്കം.
കഴിഞ്ഞ ദിവസം ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവുമായെത്തിയ സബ് കലക്ടര്‍ക്കും സംഘത്തിനും പ്രദേശത്തെ പ്രതിരോധക്കാരും പ്രതിഷേധക്കാരും തമ്മിലുള്ള സംഘര്‍ഷാവസ്ഥയുടെ സാഹചര്യത്തില്‍ നടപടി താത്കാലികമായി നിറുത്തി വയ്ക്കേണ്ടിവന്നു.
ചില റിപ്പോര്‍ട്ടുകള്‍ കൂടി ലഭിക്കാനുണ്ടെന്നും അതിന്റെ പശ്ചാത്തലത്തില്‍ ഇന്നലെ സമാധി സംബന്ധിച്ച തീരുമാനം അറിയിക്കുമെന്നുമായിരുന്നു സബ് കലക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞത്.
എന്നാല്‍ ഇന്നലെ യാതൊരു പുരോഗതിയും ഈ വിഷയത്തിലുണ്ടായില്ല. അതിനിടെ ഗോപന്‍സ്വാമിയെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്കിയ വ്യക്തി അയല്‍വാസി മാത്രമാണെന്നും തങ്ങളുടെ ബന്ധുവല്ലെന്നും സ്വാമിയുടെ മകന് പറഞ്ഞു.
തങ്ങള്‍ക്കെതിരെ പ്രതിഷേധം നടത്തുന്നവരെക്കുറിച്ചും കലക്ടര്‍ അന്വേഷിക്കണമെന്നും മക്കള്‍ ആവശ്യപ്പെട്ടു. ഗോപന് സ്വാമിയുടെ ചില മെഡിക്കല്‍ റിപ്പോര്‍ട്ടുകളും സമാധി മണ്ഡപം പൊളിക്കുന്നതുമായി ബന്ധപ്പെട്ട ജില്ലാ ഭരണകൂടത്തിന്റെ നോട്ടീസും ലഭിച്ചശേഷം ഹൈക്കോടതിയെ സമീപിക്കാനാണ് നിശ്ചയിച്ചിരിക്കുന്നതെന്ന് സ്വാമിയുടെ കുടുംബത്തിന്റെ അഭിഭാഷകന് പറഞ്ഞു.