‘ദേശീയപാത സഞ്ചാര യോഗ്യമാക്കണം’
1454974
Saturday, September 21, 2024 6:07 AM IST
ചാത്തന്നൂർ: ദേശീയപാത സഞ്ചാരയോഗ്യമാക്കണമെന്ന് അറിവ് - ത്രൂ ദി സോൾ ഓഫ് ഗുരു ആവശ്യപ്പെട്ടു. ചാത്തന്നൂർ മേഖലയിൽ ദേശീയപാത ഏറ്റവും മോശമായ അവസ്ഥയിലാണ്.
സർവീസ് റോഡ് ഉൾപ്പെടെ കുഴികളും ചെളിയും നിറഞ്ഞു വാഹന ഗതാഗതം ദുഷ്കരമായി മാറി. തിരുമുക്ക് മുതൽ ചാത്തന്നൂർ പോലീസ് സ്റ്റേഷന് സമീപം വരെ മിക്ക സ്ഥലത്തും ചെളിക്കളവും വെള്ളക്കെട്ടുമാണ്.
മറ്റു മേഖലകളിൽ ചെളി നീക്കം ചെയ്യാനും കുഴി നികത്താനും ദേശീയ പാത നിർമാണകരാർ സ്ഥാപനം താത്ക്കാലിക നടപടി സ്വീകരിക്കുന്നുണ്ട്. എന്നാൽ ചാത്തന്നൂർ മേഖലയോട് അവഗണന കാണിക്കുകയാണ്.
ദേശീയപാത വികസനത്തിനുള്ള ആദ്യ അടിപ്പാത നിർമാണം തുടങ്ങിയത് തിരുമുക്കിലാണ്.
മേൽപ്പാലം ഒഴികെ ഇവിടെ ഒരു പണിയും നടത്തുന്നില്ല. വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയാത്ത വിധം ഇവിടെ സർവീസ് റോഡ് തകർന്നു കിടക്കുകയാണ്.
രോഗികളുമായി വരുന്ന ആംബുലൻസ് ഉൾപ്പെടെ ഇവിടെ ഗതാഗതക്കുരുക്കിൽ അകപ്പെടുന്നത് പതിവാണ്. തെരുവ് വിളക്കും ഇല്ല. അടിയന്തരമായി സർവീസ് റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് അറിവ് ത്രൂ ദി ഡോൾ ഓഫ് ഗുരു ആവശ്യപ്പെട്ടു.