താലൂക്ക് ആശുപത്രിയിൽ സ്ട്രോക്ക് ഐസിയു നിലവിൽ വന്നു
1443812
Sunday, August 11, 2024 2:56 AM IST
പുനലൂര്‍: താലൂക്ക് ആശുപത്രിയിലെ ന്യൂറോളജി ഡോക്ടറുടെ സേവനം നാലുദിവസത്തേക്ക് നീട്ടിയേക്കുമെന്ന് പി.എസ്. സുപാല്‍ എംഎല്‍എ. ജില്ലാ വികസന സമിതി യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇക്കാര്യം ഉറപ്പുനല്‍കിയതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പക്ഷാഘാതം ബാധിക്കുന്നവര്‍ക്ക് അടിയന്തര ചികിത്സ നല്‍കാനായി താലൂക്ക് ആശുപത്രിയില്‍ ആരംഭിച്ച സ്ട്രോക് ഐസിയുവിന്റേയും ഫാര്‍മസിയില്‍ ആരംഭിച്ച ടോക്കണ്‍ സംവിധാനത്തിന്റേയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പക്ഷാഘാതം ബാധിച്ചവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കോ ജില്ലാ ആശുപത്രിയിലേക്കോ അയയ്ക്കുകയാണ് ഇതുവരെ ചെയ്തുവന്നിരുന്നതെന്ന് എംഎല്‍എ ചൂണ്ടിക്കാട്ടി. എന്നാല്‍ അച്ചന്‍കോവില്‍ പോലെയുള്ള വനമേഖലകളില്‍ നിന്നെത്തുന്ന രോഗികള്‍ക്ക് വിന്‍ഡോ പീരീഡിനുള്ളില്‍ (നാലര മണിക്കൂര്‍) അനിവാര്യമായ ചികിത്സ നല്കാന് സാധിക്കാത്ത സാഹചര്യം നിലനിന്നിരുന്നു. താലൂക്ക് ആശുപത്രിയില്‍ സ്ട്രോക്ക് ഐസിയു വന്നതോടെ ഈ സ്ഥിതിക്ക് മാറ്റം വരികയാണെന്ന് അദ്ദേഹം പറഞ്ഞു.
നഗരസഭാ ഉപാധ്യക്ഷന്‍ രഞ്ജിത് രാധാകൃഷ്ണന് അധ്യക്ഷനായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ വസന്താ രഞ്ജന്‍, ബിനോയ് രാജന്, പ്രിയാ പിള്ള, പി.എ. അനസ്, നഗരസഭ മുന്‍ അധ്യക്ഷ നിമ്മി ഏബ്രഹാം, മുന്‍ ഉപാധ്യക്ഷന്‍ വി.പി. ഉണ്ണികൃഷ്ണന്, ആശുപത്രി സൂപ്രണ്ട് ഡോ. കെ.ആര്. സുനില്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ആശുപത്രി മാനേജ്മെന്റ് സമിതി അംഗങ്ങള്‍ പങ്കെടുത്തു.
ന്യൂറോളജി ഡോക്ടറുടെ സേവനം ലഭ്യമായ ഫെബ്രുവരി മുതല്‍ പക്ഷാഘാതം ബാധിച്ച് താലൂക്ക് ആശുപത്രിയില്‍ 300 പേര്രാണ് ചികിത്സ തേടിയെത്തിയതായി ആശുപത്രി സൂപ്രണ്ട് ഡോ. കെ.ആര്. സുനില്‍കുമാർ പറഞ്ഞു. ഈ പശ്ചാത്തലത്തിലാണ് ആശുപത്രിയില്‍ സ്ട്രോക്ക് ഐസിയു ആരംഭിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.
വിന്‍ഡോ പീരീഡിനുള്ളില്‍ ഐസിയുവിലെത്തിക്കുന്ന രോഗികള്‍ക്ക് 30,000 -ലധികം രൂപ വിലവരുന്ന മരുന്ന് സൗജന്യമായി നല്കാന് സംവിധാനമൊരുക്കിയിട്ടുണ്ട്. 50 പേര്‍ക്ക് നല്‍കാനുള്ള മരുന്ന് ശേഖരിച്ചിട്ടുമുണ്ട്. ആരോഗ്യവകുപ്പ് ഡയറക്ടറേറ്റില്‍ നിന്ന ലഭ്യമാകുന്ന മരുന്ന് സൗജന്യമായി നല്‍കും. ന്യൂറോളജിസ്റ്റ് ഡോ. അജിത് ഡേവിഡ് തമ്പിയുടെ നേതൃത്വത്തിലാണ് ഐസിയു പ്രവര്‍ത്തിക്കുന്നത്. മൂന്ന് കിടക്കകളോടു കൂടിയ യൂണിറ്റില്‍ പ്രത്യേക പരിശീലനം ലഭ്യമാക്കിയ ആറ് ജീവനക്കാരേയും നിയോഗിച്ചിട്ടുണ്ട്.