ചിറ്റുമല ചിറചീപ്പ് സംരക്ഷണ ഭിത്തി പൊളിച്ചു നീക്കൽ: സർവകക്ഷി യോഗം ചേർന്നു
1443678
Saturday, August 10, 2024 5:58 AM IST
കുണ്ടറ: ചിറ്റുമല ചിറയുടെ ഷട്ടറിന് മുന്നിലായി നിർമിച്ചിട്ടുള്ള സംരക്ഷണ ഭിത്തി പൊളിച്ചുനീക്കണമെന്ന മൈനർ ഇറിഗേഷൻ വകുപ്പ് കൊല്ലം എക്സിക്യൂട്ടീവ് എൻജിനിയറുടെ തീരുമാനം പുന:പരിശോധിക്കണമെന്ന് കിഴക്കേ കല്ലട പഞ്ചായത്തിൽ നടന്ന സർവകക്ഷി യോഗം ആവശ്യപ്പെട്ടു.
ചിറയിലെ നീരൊഴുക്കിന് തടസമായി നിൽക്കുന്ന നിർമിതിയുടെ പേരിലും വയനാട്ടിൽ നടന്ന പ്രളയത്തിന്റെ പശ്ചാത്തലത്തിലുമാണ് ഈ തീരുമാനമെന്നാണ് ഇറിഗേഷൻ വകുപ്പ് പറയുന്നത്.
ജീർണിച്ചും പൊട്ടി പൊളിത്തും അപകടാവസ്ഥയിലായ ചിപ്പ് പുതുക്കി പണിയുന്നതിനു പകരം അതിന്റെ സംരക്ഷണ ഭിത്തി പൊളിച്ചു നീക്കണമെന്ന ഇറിഗേഷൻ വകുപ്പിന്റെ വിചിത്രമായ തീരുമാനം അംഗികരിക്കാൻ കഴിയില്ലെന്ന് സർവകക്ഷി യോഗം അഭിപ്രായപ്പെട്ടു.
കൃഷിയേയും പരിസ്ഥിതിയേയും ദോഷമായി ബാധിക്കുന്ന ഈ തീരുമാനം പുന:പരിശോധിക്കണമെന്നും യോഗം അവശ്യപ്പെട്ടു. കളക്ടറെ നേരിൽ കണ്ട് പരാതി അറിയിക്കാനും യോഗം തീരുമാനിച്ചു. കിഴക്കേ കല്ലട ഗ്രാമ പഞ്ചായത്തിൽ നടന്ന സർവകക്ഷി യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. ലാലി അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയദേവി മോഹൻ , ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു ലോറൻസ്, വികസന സമിതി ചെയർപേഴ്സൺ റാണി സുരേഷ്, ക്ഷേമകാര്യ സമിതി ചെയർമാൻ എ. സുനിൽകുമാർ, പഞ്ചായത്ത് അംഗങ്ങളായ ഉമാദേവി, സജിലാൽ, രതീഷ്, മയാദേവി, ശ്രീരാഗ് മഠത്തിൽ,
പ്രദീപ് കുമാർ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ ചന്ദ്രൻ കല്ലട, വിനോദ് വില്ലേത്ത്, ജി. വേലായുധൻ, വി. വിനിൽ, കെ.ആർ. സന്തോഷ്, സി.പി. ബിനു, കോശി അലക്സ്, സജി മള്ളാക്കോണം, കർഷക പ്രതിനിധിയായ രഘുനാഥ് എന്നിവർ പ്രസംഗിച്ചു.