വയനാട്ടിലെ ദുരിത ബാധിതർക്ക് സഹായഹസ്തവുമായി കൊല്ലം രൂപത
1441717
Sunday, August 4, 2024 1:02 AM IST
കൊല്ലം: റീ - ബിൽഡ് വയനാട് കാമ്പയിന്റെ ഭാഗമായി കെസിവൈഎം കടവൂർ ഫൊറോനയിലെ യുവജനങ്ങൾ സമാഹരിച്ച ഭക്ഷ്യവസ്തുക്കൾ, വസ്ത്രങ്ങൾ, മരുന്നുകൾ, നിത്യോപയോഗ സാമഗ്രികൾ എന്നിവയുമായി ആദ്യ വാഹനം പുറപ്പെട്ടു. ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും ദുരിതം അനുഭവിക്കുന്ന വയനാട്ടിലെ ജനങ്ങൾക്ക് സഹായം നൽകുവാൻ കൊല്ലം രൂപതാ മെത്രാൻ ഡോ.പോൾ ആന്റണി മുല്ലശേരി ആഹ്വാനം പ്രകാരമാണ് സമാഹരണം നടന്നത്.
ഫെറോനയിലെ വിവിധ ഇടവകകൾ, പുളിമൂട്ടിൽ സിൽക്സ് വസ്ത്രസ്ഥാപനം, ഫാത്തിമ മാതാ നാഷണൽ കോളജ്, ട്രിനിറ്റി ലൈസിയം സ്കൂൾ നാന്ദ്രിക്കൽ, മരിയ ആഗ്നസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ കുരീപ്പുഴ, ഗോരേറ്റി ഗേൾസ് ഹോസ്റ്റൽഎന്നിവർ കാമ്പയിന്റെ ഭാഗമായി.
ദുരിതബാധിതരായ സഹോദരങ്ങളുടെ ക്ലേശം വളരെ വലുതാണെന്നും ഈ സമയം നമ്മുടെ എല്ലാവരുടെയും പ്രാർഥനകളും അകമഴിഞ്ഞ സഹായവും ഇവർക്ക് ആവശ്യമാണെന്നും ഫ്ലാഗ് ഓഫ് നിർവഹിച്ച് കെസിവൈഎം കടവൂർ ഫൊറോന ഡയറക്ടർ ഫാ. ജോ ആന്റണി അലക്സ് അറിയിച്ചു.
ഐപ്പുഴ - പ്രാക്കുളം ഇടവക അങ്കണത്തിൽ നിന്ന് പുറപ്പെട്ട വാഹനത്തെ യാത്രയാക്കാൻ കെസിവൈഎം കടവൂർ ഫെറോനയുടെ പ്രസിഡന്റ് അനൂപ് കണ്ടച്ചിറ, ഫെറോന ഭാരവാഹികൾ, വിവിധ യൂണിറ്റുകളിൽ നിന്നുള്ള യുവജനങ്ങൾ, സാമൂഹിക പ്രവർത്തകർ, വിശ്വാസികൾ എന്നിവർ സന്നിഹിതരായിരുന്നു.