കെഎംഎംഎല്ലിനെ രക്ഷിക്കാൻ നടപടി സ്വീകരിക്കണം: പ്രേമചന്ദ്രൻ
1441713
Sunday, August 4, 2024 1:02 AM IST
കൊല്ലം: പ്രതിസന്ധിയിലേയ്ക്ക് നീങ്ങുന്ന ചവറ കെഎംഎംഎല്ലിനെ രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാരും മാനേജ്മെന്റും അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് എന്‍.കെ. പ്രേമചന്ദ്രന് എംപി ആവശ്യപ്പെട്ടു.
കേരളത്തിലെ ഏറ്റവും വലിയ വ്യവസായ സ്ഥാപനവും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ ചവറ കെഎംഎംഎല്‍ ഗുരുതര പ്രതിസന്ധിയിലേയ്ക്ക് നീങ്ങുകയാണ്. സര്‍ക്കാരിന്റേയും മാനേജ്മെന്റിന്റേയും പിടിപ്പുകേട് കാരണം പ്ലാന്റിന്റെ പ്രവര്‍ത്തനം പാതി നിലച്ച അവസ്ഥയിലാണ്. പ്ലാന്റ് പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകുന്ന ഖരമാലിന്യമായ അയണ്‍ ഓക്സൈഡ് കമ്പനിയില്‍ തന്നെ സംസ്കരിക്കാം.
എന്നിട്ടും 10900- രൂപ കെഇഐഎല്ലിന് നല്കി കമ്പനിയില്‍ നിന്ന് കടത്താനുളള നീക്കമാണ് അണിയറയില്‍ നടക്കുന്നത്. അഞ്ച് ലക്ഷത്തോളം ടണ്‍ അയണ്‍ഓക്സൈഡ് കെട്ടികിടക്കുന്ന കമ്പനിയില്‍ ഈ നീക്കം വലിയ സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കും.
സമയബന്ധിതമായ അയണ്‍ ഓക്സൈഡ് മലിനീകരണ പ്ലാന്റിന് അനുമതി നല്‍കാതിരുന്നതും ചിറ്റൂര്‍ ഭൂമി ഏറ്റെടുക്കാത്തതും നാഷണല്‍ ഗ്രീന്‍ ട്രൈബ്യൂണലിലെ കേസിനെ ഗൗരവമായി കാണാത്തതും കഴിഞ്ഞ എട്ട് വര്‍ഷക്കാലമായി കമ്പനിക്ക് മൈനിംഗ് നടത്തുന്നതിനായി ഒരു സെന്റ് സ്ഥലം പോലും ഏറ്റെടുക്കാന്‍ കഴിയാത്തതും കമ്പനിയെ പ്രതിസന്ധിയിലാക്കാനുളള ബോധപൂര്‍വമായ ശ്രമമാണ്.
കമ്പനിയെ പ്രതിസന്ധിയിലാക്കി സ്വകാര്യ കുത്തകകളെ പരോക്ഷമായി സഹായിക്കാനുളള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് എന്‍.കെ. പ്രേമചന്ദ്രന് എംപി ആവശ്യപ്പെട്ടു.