യാത്രക്കാരെ കുഴിയിലാക്കി തെറ്റിക്കുഴി -പുലിക്കുഴി റോഡ്
1441711
Sunday, August 4, 2024 1:02 AM IST
ചാത്തന്നൂർ: തെറ്റിക്കുഴി -പുതിയ പാലം - പുലിക്കുഴി റോഡ് ശോച്യാവസ്ഥയിലായത് യാത്രക്കാരെ വലയ്ക്കുന്നു.കല്ലുവാതുക്കൽ പഞ്ചായത്തിൽ ദേശീയപാത 66 മായി ബന്ധപ്പെട്ടതാണ് ഈ റോഡ്. കൊട്ടാരക്കരയിലേക്ക് എളുപ്പത്തിൽ എത്താവുന്ന പാതയുമാണ്. കാലങ്ങളായി അവഗണനയിലാണ് ഈ റോഡ്.
കൊടുംവളവുകളും കുത്തിറക്കങ്ങളും കയറ്റങ്ങളുമുള്ള റോഡിന്റെ ശോച്യാവസ്ഥ പല തവണ ബന്ധപ്പെട്ടവരെ അറിയിച്ചെങ്കിലും നടപടികളുണ്ടായില്ല. ഹൈവേയിൽ നിന്ന് നൂറ് മീറ്റർ മാത്രമാണ് സഞ്ചാരയോഗ്യമാക്കിയിട്ടുള്ളത്.
നൂറ് കണക്കിന് വിദ്യാർഥികളും തൊഴിലാളികളും മറ്റ് തൊഴിൽ മേഖലകളിൽ പണിയെടുക്കുന്നവരും റോഡ് തകർന്നു കിടക്കുന്നതിനാൽ ബുദ്ധിമുട്ടുകയാണ്.
കുത്തിറക്കങ്ങളിൽ രൂപപ്പെട്ട വൻ കുഴികളിൽ ഇരുചക്ര വാഹനക്കാരും ഓട്ടോകളും സ്ഥിരമായി അപകടത്തിൽപ്പെടുന്നു. ആയിരക്കണക്കിന് വാഹനങ്ങൾ കടന്ന് പോകുന്ന ഈ റോഡിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരം ആവശ്യപ്പെട്ട് പ്രദേശവാസികൾ സമരത്തിനൊരുങ്ങുകയാണ്.
ജില്ലാ പഞ്ചായത്തിന്റെ റോഡായതിനാൽ ഗ്രാമപഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും കൈയൊഴിയുകയാണ്. മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും നിവേദനം കൊടുക്കാനും റോഡ് ഉപരോധമുൾപ്പെടെ പ്രക്ഷോഭ പരിപാടികളും ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് പ്രദേശ വാസികൾ.