അമൃത വിശ്വവിദ്യാപീഠത്തിൽ അന്താരാഷ്ട്ര റോബോട്ടിക് ഡിസൈൻ മത്സരം
1441708
Sunday, August 4, 2024 1:02 AM IST
കൊല്ലം: അന്താരാഷ്ട്രതല റോബോട്ടിക് ഡിസൈൻ മത്സരം ' റോബോകോൺ 2024 'നാളെ മുതൽ 17 വരെ അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിൽ നടക്കും.
എട്ട് രാജ്യങ്ങളിൽ നിന്നുള്ള മത്സരാർഥികൾ പങ്കെടുക്കും. റോബോട്ടിക് മേഖലയിലെ സാങ്കേതിക നൈപുണ്യ വികസനം പ്രോത്സാഹിപ്പിക്കാനാണ് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിംഗ് വിഭാഗത്തിന്റേയും അമൃത ഹട്ട് ലാബ്സിന്റേയും നേതൃത്വത്തിൽ മത്സരം സംഘടിപ്പിക്കുന്നത്.
വിവിധ ആശയങ്ങൾ തെരഞ്ഞെടുത്ത ശേഷം മത്സരാർഥികൾ മത്സരവേദിയിൽ റോബോട്ടുകളെ രൂപപ്പെടുത്തും. മത്സരം അവസാനിക്കുന്ന 17 ന് ഓരോ ടീമും അവർ വികസിപ്പിച്ചെടുത്ത റോബോട്ടുകളെ പരിചയപ്പെടുത്തും.
തുടർന്ന് വിജയികളെ നിശ്ചയിക്കും. ഇന്ത്യയിൽ നിന്നുള്ള ടീമുകൾക്ക് പുറമേ ജപ്പാൻ, ചൈന, യുഎസ്എ തായ്ലൻഡ്, ഈജിപ്ത്, സിംഗപ്പുർ, സൗത്ത് കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ടീമുകളും മത്സരത്തിൽ പങ്കെടുക്കും. നാളെ രാവിലെ 10 ന് ഉദ്ഘാടന ചടങ്ങിൽ സിംഗപ്പൂർ കോൺസുൽ ജനറൽ എഡ്ഗാർ പാങ് മുഖ്യാതിഥിയാകും.