മൺട്രോ തുരുത്ത് റോഡിലെ ഗർത്തങ്ങൾ: പഞ്ചായത്ത് അംഗങ്ങൾ കളക്ടറേറ്റിനു മുന്നിൽ ധർണ നടത്തും
1441707
Sunday, August 4, 2024 1:02 AM IST
കുണ്ടറ: കുണ്ടറ പള്ളിമുക്ക് മൺട്രോത്തുരുത്ത് റോഡിൽ രൂപംകൊണ്ട വലിയ കുഴികൾ യാത്രക്കാർക്ക് ഭീഷണിയായി. യാത്രക്കാർ കുഴികളിൽ വീണ് പരിക്കേറ്റിട്ടും അധികൃതർ കണ്ണു തുറക്കുന്നില്ല. ഇതിൽ പ്രതിഷേധിച്ച് കളക്ടറുടെ ഓഫീസിന് മുന്നിൽ മൺറോതുരുത്ത് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ധർണ നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനി സൂര്യകുമാർ, വൈസ് പ്രസിഡന്റ് ആർ . അനീറ്റ എന്നിവർ അറിയിച്ചു.
റോഡ് യാത്ര ദുരിത പൂർണമാണെന്ന് കാണിച്ച് നിരവധി തവണ നിവേദനങ്ങൾ നൽകിയിട്ടും ഫലം ഉണ്ടാകുന്നില്ല. കോവൂർ കുഞ്ഞുമോൻ എംഎൽഎ ഒട്ടേറെ തവണ കെആർഎഫ്ബി ഉദ്യോഗസ്ഥർ, കോൺട്രാക്ടർ, പഞ്ചായത്ത് ജനപ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി ചർച്ചകൾ നടത്തിയിട്ടും നടപടി ഉണ്ടാകുന്നില്ല. അതേ തുടർന്നാണ് പഞ്ചായത്തിലെ എല്ലാ അംഗങ്ങളും ഏഴു മുതൽ കളക്ടറുടെ ഓഫീസിനുമുന്നിൽ ധർണ നടത്താൻ തീരുമാനിച്ചത്.