നീറ്റ് പരീക്ഷാ കേന്ദ്രം ആവശ്യപ്പെട്ടിടത്ത് അനുവദിക്കണം: എൻ.കെ. പ്രേമചന്ദ്രൻ
1441704
Sunday, August 4, 2024 1:02 AM IST
കൊല്ലം: നീറ്റ് പിജി പരീക്ഷയ്ക്ക് അപേക്ഷിച്ചവര്‍ക്ക് അപേക്ഷയില്‍ ആവശ്യപ്പെട്ട പ്രകാരം സൗകര്യപ്രദമായ പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കണമെന്ന് എന്‍.കെ. പ്രേമചന്ദ്രന് എം.പി ആവശ്യപ്പെട്ടു.
ഇതു സംബന്ധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയോടും, കേന്ദ്ര ആരോഗ്യ മന്ത്രിയോടും, നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന്‍സ് ഇന്‍ മെഡിക്കല്‍ സയന്‍സ് എക്സിക്യൂട്ടീവ് ഡയറക്ടർ എന്നിവർ ഉൾപ്പടെയുള്ളവരോടും അദ്ദേഹം ആവശ്യപ്പെട്ടു.
നിലവില്‍ പരീക്ഷയ്ക്കായി അനുവദിച്ചിട്ടുളള കേന്ദ്രങ്ങള്‍ പരീക്ഷാര്‍ഥികളുടെ താമസ സ്ഥലത്ത് നിന്ന് വളരെ അകലെയുളളതും മറ്റ് സംസ്ഥാനങ്ങളിലുമാണ്.
വളരെ അകലെയുളള പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തിചേരാനുളള ഗതാഗത സൗകര്യമോ താമസ സൗകര്യമോ പരിഗണിക്കാതെയാണ് വിദൂര സ്ഥലങ്ങളില്‍ കേന്ദ്രങ്ങള്‍ അനുവദിച്ചിട്ടുളളത്.
നിലവിലെ സാഹചര്യത്തില്‍ അപേക്ഷകര്‍ക്ക് പരീക്ഷയില്‍ പങ്കെടുക്കാന്‍ കഴിയാത്ത ഗുരുതരമായ അവസ്ഥയാണ്.
കേരളത്തില്‍ തന്നെ പരീക്ഷാകേന്ദ്രങ്ങള്‍ അനുവദിക്കാനുളള എല്ലാവിധ സൗകര്യങ്ങളും ഉണ്ടായിട്ടും അതിനുളള സാധ്യതകള്‍ പരിഗണിക്കാതെ വിദൂര സ്ഥലങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിച്ചത് യുക്തിരഹിതവും ന്യായീകരിക്കാനാവാത്തതുമാണ്.
അപേക്ഷയില്‍ അവശ്യപ്പെട്ട പ്രകാരം പരീക്ഷ എഴുതുന്നവര്‍ക്ക് എത്തിചേരാന്‍ കഴിയുന്ന സ്ഥലങ്ങളില്‍ പരീക്ഷാകേന്ദ്രം അനുവദിക്കണമെന്ന അപേക്ഷകരുടെ ആവര്‍ത്തിച്ചുളള ആവശ്യം പരിഗണിക്കാത്തതും പ്രതിഷേധാര്‍ഹമാണ്.
നീറ്റ് പിജി പരീക്ഷ എഴുതുവാന്‍ അപേക്ഷിച്ചിട്ടുളളവര്‍ക്ക് പരീക്ഷയില്‍ പങ്കെടുക്കുവാനുളള സൗകര്യം ഉറപ്പാക്കുവാന്‍ പരമാവധി സൗകര്യപ്രദമായ സ്ഥലങ്ങളില്‍ പരീക്ഷാ കേന്ദ്രം അനുവദിച്ചു നല്കാന് അടിയന്തിരമായി നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.