സ്വാതന്ത്ര്യ സമരത്തിന്റെ മൂല്യങ്ങൾ സംരക്ഷിക്കണം: പി. രാജേന്ദ്ര പ്രസാദ്
1441703
Sunday, August 4, 2024 1:02 AM IST
ചവറ: സ്വാതന്ത്ര്യ സമരം രൂപപ്പെടുത്തിയ ജനാധിപത്യ മതനിരപേക്ഷതാ മൂല്യങ്ങൾ സംരക്ഷിക്കാൻ പുതു തലമുറ ജാഗ്രത പാലിക്കണമെന്ന് ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ്.
കെപിസി സി വിചാർ വിഭാഗ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ 11 നിയോജക മണ്ഡലം കേന്ദ്രങ്ങളിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കായി നടത്തുന്ന സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് സീസൺ ഏഴിന്റെ ജില്ലാതല ഉദ്ഘാടനം ചവറയിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വളർന്നു വരുന്ന തലമുറയിൽ ദേശീയ ബോധം രൂപപ്പെടുത്താൻ വിചാർ വിഭാഗ് നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണന്ന് അദ്ദേഹം പറഞ്ഞു.
കെപിസിസി വിചാർ വിഭാഗ് നിയോജക മണ്ഡലം ചെയർമാൻ റോസ് ആനന്ദ് അധ്യക്ഷത വഹിച്ചു. ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി, ഐഎൻടിയുസി ജില്ലാ സെക്രട്ടറി ചവറ ഹരീഷ് കുമാർ, പന്മന ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മാമൂലയിൽ സേതുക്കുട്ടൻ, കെ.ഇ. ബൈജു, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പ്രഭാ അനിൽ തുടങ്ങിവർ പ്രസംഗിച്ചു. സ്വാതന്ത്ര്യസമര ചരിത്ര ക്വിസിന്റെ ഭാഗമായി സംഘടിപ്പിച്ച കവിയരങ്ങ് വിചാർ വിഭാഗ് ജില്ലാ ചെയർമാൻ ജി .ആർ. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. കവി ആസാദ് ആശിർവാദ് അധ്യക്ഷത വഹിച്ചു.
എൻ.കെ. പ്രേമചന്ദ്രൻ എംപി, എംഎൽഎ മാരായ സി.ആർ. മഹേഷ്, പി.സി. വിഷ്ണുനാഥ്, യുഡിഎഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ, സൂരജ് രവി, പി. ഹരികുമാർ, പി.ആർ. സന്തോഷ്, അനിൽ കാരക്കാട്ട് , അഞ്ചൽ സോമൻ, സി.ആർ. സൂര്യ നാഥ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ മത്സരം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത 55 വിദ്യാർഥികൾ 10 ന് കൊല്ലത്ത് നടക്കുന്ന ജില്ലാതല മത്സരത്തിൽ പങ്കെടുക്കും.