വീടു പണിക്ക് ബ്രേക്കിട്ടു : വയനാടിന്റെ കണ്ണീരൊപ്പാൻ അനന്ദുവും
1441643
Saturday, August 3, 2024 6:11 AM IST
കൊട്ടാരക്കര: വീട് പണിക്കായി സ്വരൂപിച്ച തുകയിൽ ഒരു ഭാഗം വയനാട്ടിലെ ദുരിതബാധിതർക്കായി വിനിയോഗിച്ച് പത്തനാപുരം തലവൂർ സ്വദേശി അനന്ദു. വായ്പ എടുത്തും അടുപ്പക്കാരോട് കടം വാങ്ങിയുമാണ് അനന്തു (36) വീടുനിർമാണം നടത്തിവന്നത്. വീട് പണി പകുതിയായി. അപ്പോഴാണ് വയനാട്ടിൽ മഹാദുരന്തമുണ്ടായത്.
ക്യാമ്പുകളിൽ കഴിയുന്നവരുടേയും മറ്റും കരളലിയിക്കുന്ന ദൃശ്യങ്ങൾ അനന്ദുവിന്റെ മനസിനെ വല്ലാതെ വേദനിപ്പിച്ചു. ഇതിനിടെ ക്യാമ്പുകളിൽ അവശ്യ സാധനങ്ങളെത്തിക്കാൻ അധികൃതരുടെ ആഹ്വാനമുണ്ടായി.
സിമന്റ് വാങ്ങാൻ കടം വാങ്ങിയ 25,000 രൂപയുമായി ഇന്നലെ കൊട്ടാരക്കരയിലെ വസ്ത്രങ്ങളുടെ മൊത്തവ്യാപാര സ്ഥാപനത്തിലെത്തി. അവശ്യ വസ്ത്രങ്ങൾ വാങ്ങി.
അനന്തുവിന്റെ നല്ല ചിന്ത തിരിച്ചറിഞ്ഞ സ്ഥാപന ഉടമയും വിലയിൽ വിട്ടുവീഴ്ച ചെയ്തു. നൈറ്റി, കൈലി, കുട്ടികൾക്കുള്ള വസ്ത്രങ്ങൾ, തോർത്ത്, സാനിറ്ററി പാഡുകൾ, മാസ്ക്, ബിസ്കറ്റ്, ബ്രഡ്, റസ്ക് തുടങ്ങിയവയാണ് ക്യാമ്പുകളിലേക്ക് അനന്തു കയറ്റി വിട്ടത്.
കൽപറ്റയിൽ ഇറക്കാനായി വയനാട്ടിലേക്കുള്ള കെഎസ്ആർടിസി ബസിലാണ് സാധനങ്ങൾ കയറ്റിവിട്ടത്. കൽപറ്റയിൽ നിന്ന് സാധനങ്ങൾ ഏറ്റുവാങ്ങാനുള്ള ക്രമീകരണങ്ങൾ അനന്തുവിന്റെ സുഹൃത്തുക്കൾ ഏർപ്പെടുത്തിയിട്ടുണ്ട്.