ഗേറ്റ് മോഷണം: രണ്ടു പേർ പിടിയിൽ
1441640
Saturday, August 3, 2024 6:00 AM IST
കൊട്ടാരക്കര: വീടുകളുടേയും വസ്തുക്കളുടേയും ഗേറ്റുകൾ മോഷ്ടിച്ച് വില്പന നടത്തിവന്ന രണ്ടു പേരെ കൊട്ടാരക്കര പോലീസ് പിടികൂടി. കൊട്ടാരക്കര ഗാന്ധിമുക്ക് ലക്ഷം വീട് ജവാൻ നഗറിൽ കെ. സുധീർ, കൊട്ടാരക്കര പടിഞ്ഞാറ്റിൻകര കുരിവിള വീട്ടിൽ ആർ. കുഞ്ഞുമോൻ എന്നിവരാണ് പിടിയിലായത്.
ആളില്ലാത്ത വീടുകളും പുരയിടങ്ങളും കേന്ദ്രീകരിച്ചായിരുന്നു മോഷണം. കഴിഞ്ഞയാഴ്ച കൊട്ടാരക്കര കിഴക്കേ തെരുവ് ഭാഗത്തെ ചിലയിടങ്ങളിൽ നിന്ന് ഗേറ്റുകൾ മോഷണം പോയിരുന്നു. ഇത് സംബന്ധിച്ച് പരാതികൾ പോലീസിന് ലഭിക്കുകയുണ്ടായി.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്. പുലർച്ചക്ക് എത്തി ഗേറ്റുകൾ ഇളക്കി വച്ച ശേഷം പിന്നീട് വാഹനങ്ങളുമായെത്തി കടത്തികൊണ്ടു പോവുകയാണ് ചെയ്തിരുന്നത്.
സിസി ടിവി കാമറ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞതും വലയിലാക്കിയതും. ഇവർ മോഷ്ടിച്ച ഗേറ്റുകൾ പോലീസ് കണ്ടെത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.