കളിപ്പാട്ടങ്ങൾ വാങ്ങാൻ കരുതിയ സമ്പാദ്യം കൈമാറി ബോധി
1441637
Saturday, August 3, 2024 6:00 AM IST
പുനലൂർ: കളിപ്പാട്ടങ്ങൾ വാങ്ങാൻ സ്വരുക്കൂട്ടി വച്ചിരുന്ന കുഞ്ഞു സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി പുനലൂർ ഗവ. എൽപിജിഎസ് വിദ്യാർഥിനി. രണ്ടാം ക്ലാസിൽ പഠിക്കുന്ന എ.എസ്. ബോധിയാണ് തന്റെ കുഞ്ഞുസമ്പാദ്യം വയനാട്ടിൽ ദുരിതമനുഭവിക്കുന്നവർക്കായി നൽകിയത്.
ഇന്നലെ രാവിലെ തന്റെ സമ്പാദ്യക്കുടുക്കയുമായി സ്കൂളിലെത്തിയ ബോധി, സമ്പാദ്യം വയനാട്ടിൽ ഉരുൾപൊട്ടി വീടുകൾ നഷ്ടമായവർക്ക് നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ആവശ്യമറിഞ്ഞ ക്ലാസ് ടീച്ചർ സമ്പാദ്യക്കുടുക്ക പ്രധാനാധ്യാപിക എം.കെ. ബിന്ദുവിനെ ഏല്പിച്ചു.
തുടർന്ന് പ്രധാനാധ്യാപിക മറ്റ് അധ്യാപകരുടേയും വിദ്യാർഥികളുടേയും സാന്നിധ്യത്തിൽ ഏറ്റുവാങ്ങി. തുക എണ്ണിത്തിട്ടപ്പെടുത്തി ഇന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും.
വയനാട്ടിലെ മനുഷ്യർക്ക് കൈത്താങ്ങാകാൻ കേരളം മുഴുവൻ ഒന്നിച്ച് നിൽക്കുന്ന ഈ സമയത്ത് ചെറിയ വിഹിതം കൂടി കൈമാറിയ ഈ രണ്ടാം ക്ലാസുകാരിയുടെ പ്രവൃത്തി അഭിമാനമാണെന്ന് പ്രധാനാധ്യാപിക പറഞ്ഞു.